ദില്ലി: ദുരുപയോഗം ചെയ്തേക്കാനുള്ള സാധ്യത പരിഗണിച്ച് ആധാര്‍ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി ജഡ്ജ്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ആധാര്‍ സംബന്ധിച്ച കേസ് പരിഗണിക്കുമ്പോള്‍ നിര്‍ണായക നിരീക്ഷണം നടത്തിയത്. ആധാറിന്റെ നിയമ സാധ്യതകള്‍ പുനപരിശോധിക്കണമെന്നും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ആധാറിന്റെ പേരില്‍ ജനങ്ങളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നത് നിലവില്‍ ഉണ്ടെന്ന കപില്‍ സിബലിന്റെ വാദം കോടതി അംഗീകരിച്ചില്ല. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പല രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന മുന്‍ധാരണയുടെ പുറത്ത് ആധാര്‍ നിരോധിക്കാനാവില്ലെന്ന് കോടതി വിശദമാക്കി.