ഇറാനിലെ പ്രക്ഷോഭത്തിനിടെ സൈനിക നടപടിക്ക് ഒരുങ്ങിയ അമേരിക്ക, ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങളുടെ നിർദ്ദേശപ്രകാരം പിന്മാറി. പകരം സാമ്പത്തിക ഉപരോധം ശക്തമാക്കിയപ്പോൾ, സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യ  പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.

ടെഹ്റാൻ : പ്രക്ഷോഭം കത്തുന്ന ഇറാനിൽ ഭരണകൂടത്തിനെതിരെ സൈനിക നടപടിക്ക് ഒരുങ്ങിയ അമേരിക്ക അയയുന്നു. ഇസ്രയേൽ അടക്കം രാജ്യങ്ങൾ ഇറാനെതിരായ സൈനിക നടപടിക്ക് ഇപ്പോൾ ഒരുങ്ങരുതെന്ന് നിർദ്ദേശിച്ചതോടെയാണ് ഡോണൾഡ് ട്രംപിന്റെ പിൻമാറ്റം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് എന്നിവരുമായി സംസാരിച്ചു. ഇറാനെ അമേരിക്ക ആക്രമിച്ചാൽ മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘർഷം വ്യാപിക്കുമെന്ന് ആശങ്ക നെതന്യാഹു പങ്കുവെച്ചു. ഇതോടൊപ്പം സൗദി, ഈജിപ്ത്. ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും സൈനിക നടപടിയിൽ നിന്ന് പിന്തിരിയാൻ അമേരിക്കയോട് ആവശ്യപ്പെട്ടു. സൈനിക നടപടിക്ക് ശേഷവും ഇറാൻ സർക്കാരിനെ താഴെയിറക്കാൻ സാധിച്ചേക്കില്ലെന്നും ഡോണൾഡ് ട്രംപിന് അറബ് രാജ്യങ്ങൾ ഉപദേശം നൽകിയിട്ടുണ്ട്.

അതേ സമയം, ഇറാൻ സർക്കാരിലെ ഉന്നതർക്കും, സ്ഥാപനങ്ങൾക്കുമെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം ചുമത്തിയിട്ടുണ്ട്. ആഗോള ബാങ്കിങ്, സാമ്പത്തിക സംവിധാനങ്ങൾ ഇറാൻ സർക്കാർ സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത് തടയാനാണ് നീക്കം.

പ്രക്ഷോഭകാരികളെ സഹായിക്കാൻ അമേരിക്ക സൈനികമായി ഇടപെടുകയാണെങ്കിൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎഇ, ഖത്തർ, തുർക്കി സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾക്കാണ് ഇറാന്റെ മുന്നറിയിപ്പ്. 

ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു…

ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ ഇറാനിൽ, അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന അഭ്യൂഹം പരന്നതോടെ ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഏകദേശം പതിനായിരത്തോളം ഇന്ത്യാക്കാർ ഇറാനിലുണ്ടെന്നാണ് നിഗമനം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. ഇറാനിൽ നിന്ന് ഒഴിപ്പിക്കാനുള്ളവരുടെ ആദ്യ പട്ടികയിൽ ഉൾപ്പെട്ടവരോട് തയ്യാറായി നിൽക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. ഇറാൻ അധികൃതർ സഹകരിക്കുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. വിദ്യാർത്ഥികളോടും മടങ്ങാൻ ഇന്ത്യ നിർദ്ദേശം നൽകി. സ്ഥിതി വിദേശകാര്യമന്ത്രാലയം വീണ്ടും വിലയിരുത്തും.