കാസര്‍കോഡ് : കാസര്‍കോഡ് ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിനാല്‍ ദളിത് യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും അന്വേഷണം തുടങ്ങി. ഗര്‍ഭാശയ ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ രണ്ടായിരം രൂപ കൈക്കൂലി ആവശ്യപെട്ടെന്നും നല്‍കാത്തതിനാല്‍ ശസത്രക്രിയ ചെയ്യാതെ ഡിസ്ചാര്‍ജ്ജ് ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി.

മധൂര്‍ ചേനക്കോട്ടെ സരസ്വതിക്കാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചത്.ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിയതിലാല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്ന് പറഞ്ഞ് രണ്ടുദിവസം മുമ്പാണ് സരസ്വതിയെ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അഡ്മിറ്റ് ചെയ്തത്.ശസ്ത്രക്രിയക്ക് 2000 രൂപ ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപെട്ടപ്പോള്‍ തന്‍റെ കയ്യില്‍ പണമില്ലെന്നും പട്ടികജാതിക്കാരിയാണെന്നും സരസ്വതി പറഞ്ഞു.ഇതോടെ അടുത്ത ആഴ്ച്ച പണവുമായി വന്നാല്‍മതിയെന്ന് പറഞ്ഞ് ശസ്ത്രക്രിയ നടത്താതെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ്ജ് ചെയ്തു വിട്ടെന്നാണ് സരസ്വതിയുടെ പരാതി.

ജില്ലാ കലക്ടര്‍ക്കും ആരോഗ്യമന്ത്രിക്കും സരസ്വതി പരാതി നല്‍കിയിട്ടുണ്ട്.എന്നാല്‍ ശസ്ത്രക്രിയക്ക് സൗകര്യമില്ലാത്ത സാഹചര്യത്തില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കുകയായിരുന്നുവെന്നാണ് ഡോക്ടുടെ വിശദീകരണം.