കള്ളക്കടത്ത് തടയുന്നതിനായി എറണാകുളം വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലില്‍ അത്യാധുനിക സ്കാനർ സ്ഥാപിച്ചു. സെന്‍ട്രല്‍ ബോർഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ചെയർമാന്‍ എസ്. സുരേഷ് സ്കാനറിന്‍റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

വല്ലാർപ്പാടം: കള്ളക്കടത്ത് തടയുന്നതിനായി എറണാകുളം വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലില്‍ അത്യാധുനിക സ്കാനർ സ്ഥാപിച്ചു. സെന്‍ട്രല്‍ ബോർഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ചെയർമാന്‍ എസ്. സുരേഷ് സ്കാനറിന്‍റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പരിശോധനയില്‍ കുടുക്കാതെ ചരക്ക് നീക്കം ത്വരിതപ്പെടുത്തുകയെന്ന നയത്തിന്‍റെ ഭാഗമായാണ് വല്ലാർപ്പാടത്ത് ഈഗിള്‍ പി60 മോഡല്‍ എക്സറേ ഇമേജിംങ് സ്കാനർ സ്ഥാപിച്ചത്. 13 സെക്കന്‍ഡുകൊണ്ട് ഒരു കണ്ടെയ്നർ തുറന്നുനോക്കാതെ തന്നെ പരിശോധന പൂർത്തിയാക്കി കയറ്റി അയക്കാന്‍ ഈ സ്കാനർ ഉപയോഗിച്ച് സാധിക്കും.

കൊച്ചിയെ കൂടാതെ മുംബൈയിലെയും ഗുജറാത്തിലെയും തുറമുഖങ്ങളില്‍ മാത്രമാണ് ഇത്തരം സ്കാനർ ഉള്ളത്. 125 കോടി രൂപയാണ് സ്കാനറുകള്‍ സ്ഥാപിക്കുന്നതിനായി കസ്റ്റംസ് ചിലവഴിച്ചത്. മൂന്ന് വർഷത്തിനുള്ളില്‍ കേരളത്തിലെ വിവിധ തുറമുഖങ്ങളിലടക്കം രാജ്യത്താകെ ഇത്തരത്തില്‍ 34 സ്കാനറുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

സ്കാനറിനുള്ളിലൂടെ വാഹനമോടിക്കുന്നവർക്ക് ഹാനികരമാകാത്തവിധം റേഡിയേഷന്‍റെ തോത് വളരെ താഴ്ന്നതാണെന്നും അധികൃതർ വ്യക്തമാക്കി.