കൊടുംചൂട്  ദില്ലിയില്‍ വെള്ളമില്ലാത്തതിന്‍റെ പേരില്‍ ജനരോക്ഷം  

ദില്ലി:വെള്ളത്തിന്റെ പൊള്ളുന്ന വില തിരഞ്ഞെടുപ്പ് വിഷയമാക്കി ദില്ലിയിൽ അധികാരത്തിലെത്തിയ അരിവന്ദ് കെജ്രിവാള്‍ പ്രതിമാസം ഇരുപതിനായിരം ലിറ്റര്‍ വരെ വെള്ളം സൗജന്യമാക്കി. പക്ഷേ കൊടുംചൂടിൽ വെള്ളമില്ലാത്തിന്റെ പേരിൽ ജനരോഷം നേരിടുകയാണ് ഇപ്പോഴും സര്‍ക്കാര്‍. കൊടും ചൂടിൽ ദില്ലിയിലെ ഗല്ലികളില്‍ പൈപ്പ് ലൈനിൽ വെളളമുണ്ടാകാറില്ല. 

ജലബോര്‍ഡി‍ന്‍റെ കുടിവെള്ള ടാങ്കറിനെയാണ് ജനങ്ങള്‍ ആശ്രയിക്കേണ്ടി വരുന്നത്. എന്നാല്‍ എല്ലാ ദിവസവും ടാങ്കര്‍ വരുമെന്ന് ഉറപ്പുമില്ല. മുഖ്യമന്ത്രിയാണ് ദില്ലി ജലബോര്‍ഡിന്‍റെ അധ്യക്ഷൻ. ദില്ലിക്ക് ആവശ്യമുള്ളത്ര വെള്ളം യമുനയിൽ നിന്ന് കിട്ടുന്നില്ല. വെള്ളം പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഹരിയാനയുമായുള്ള തര്‍ക്കം പരിഹരിക്കാൻ ഇടപെടണമെന്ന് പ്രധാമന്ത്രിയോട് കെജ്രിവാള്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.