ഷോര്‍ണ്ണൂര്‍: ഭാരതപ്പുഴ സംരക്ഷിക്കാന്‍, വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരുമിച്ച് പദ്ധതി തയ്യാറാക്കുന്നു. മലപ്പുറം ജില്ലാ പഞ്ചായത്താണ് പദ്ധതിക്ക് മുന്‍കൈയെടുക്കുന്നത്. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റാണ് ഭാരതപുഴ സംരക്ഷണത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്.

പുഴ കടന്നുപോകുന്ന നാല് നിയോജക മണ്ഡലങ്ങളിലെ നീര്‍തടങ്ങള്‍ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ നീര്‍ത്തട കര്‍മ്മരേഖകകള്‍ ജില്ലാ പഞ്ചായത്ത് ഏകോപിപ്പിക്കും. തദ്ദേശ സ്വയംഭരണം, കൃഷി, റവന്യൂ, ജലസേചനം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതിന് മുന്നോടിയായി കുറ്റിപ്പുറത്ത് താളം നിലക്കാത നിള എന്ന പേരില്‍ സെമിനാര്‍ നടന്നു. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഭരതപുഴ സംരക്ഷണത്തിന് നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഇതും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയും സംയുക്തമായാണ് അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കുക.