തിരുവനന്തപുരം: സ്വാതന്ത്രസമര ചരിത്രത്തില്‍ നിന്ന് ഗാന്ധിജിയെ ഒഴിവാക്കിയും ചരിത്രത്തെ വളച്ചൊടിച്ചും സംസ്ഥാനത്തെ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ പുസ്തകങ്ങള്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടെ നാലുമുതല്‍ പത്തുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വിദ്യാഭാരതി സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നത്. എന്നാല്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിയില്ലാതെയാണ് പരീക്ഷയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് ഡിപിഐ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി ഡിപിഐക്ക് നിര്‍ദേശം നല്‍കി.
മഹത്വം കൊണ്ട് ഗാന്ധിജിയും ടാഗോറും ഉള്‍പ്പെടെയുള്ളവരുടെ നിരയിലാണ് ഹെഡ്‌ഗെവാറിന്റേയും ഗോള്‍വാക്കറിന്റെയും സ്ഥാനമെന്ന് പുസ്തകങ്ങള്‍ പറയുന്നു. വിമാനം കണ്ടെത്തിയത് ഭാരതീയരാണ് എന്ന് പുസ്തകത്തില്‍ സ്ഥാപിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ വിദ്യാഭാരതിക്ക് കീഴിലെ സ്‌കൂളുകളില്‍ മാത്രം നടത്തിയിരുന്ന പരീക്ഷ കഴിഞ്ഞ വര്‍ഷം മുതലാണ് പൊതു വിദ്യാലയങ്ങളിലും വ്യാപകമായി നടത്തിത്തുടങ്ങിയത്. കോഴിക്കോട് കൊയിലാണ്ടി ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുസ്തകം വിതരണം ചെയ്തതത് വിവാദമായി.
