എടത്വാ തായങ്കരിയിൽ സ്കൂൾ വാൻ മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. തായങ്കരി സഹൃദയ സ്പെഷ്യൽ സ്കൂളിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആലപ്പുഴ : എടത്വാ തായങ്കരിയിൽ സ്കൂൾ വാൻ മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്. തായങ്കരി സഹൃദയ സ്പെഷ്യൽ സ്കൂളിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളെയുമായി സ്കൂളിലേക്ക് പോകുമ്പോൾ വഴിയരികിൽ കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയിൽ കയറി വാൻ മറിയുകയായിരുന്നു. അപകടസമയത്ത് 12 കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ചമ്പക്കുളം ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡ് സൈഡിലെ മെറ്റൽ കൂനയിൽ നിന്നും മെറ്റൽ റോഡിലേയ്ക്ക് പരന്നുകിടക്കുകയായിരുന്നു. ഇതിലേക്ക് ബസ് കയറിയ ഉടനെ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപത്തെ തോട്ടിലേക്ക് ബസ് മറിയാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. മെറ്റൽ കൂന കിടക്കുന്നതിന് സമീപം റോഡിൽ വളവുമുണ്ട്. രാമങ്കരി, തായങ്കരി, കണ്ടങ്കരി പ്രദേശങ്ങളിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്നു ബസ്. ബസ് ഒരു വശം ചരിഞ്ഞു വീണതിനാൽ കുട്ടികളുടെ ചുണ്ടു പൊട്ടിയും തലയിടിച്ചുമാണ് പരിക്കുണ്ടായത്. ജെസിബി എത്തിച്ചാണ് വണ്ടി ഉയർത്തി മാറ്റിയത്.