ദില്ലി: ദില്ലിയില്‍ സ്കൂൾ ബസിനുള്ളിൽ ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. വസന്ത് വിഹാറിലെ പ്രമുഖ സ്കൂളിലാണ് സംഭവം. ഈ മാസം 12ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി സ്വദേശിയായ മുഹമ്മദ് അഹ്സാനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരേ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മറ്റുകുട്ടികളുടെ സാന്നിധ്യത്തിലാണ് ബസ് ജീവനക്കാരൻ ആറു വയസുകാരിയെ അപമാനിച്ചതെന്നാണു പോലീസ് പറയുന്നത്. ഇതു സംബന്ധിച്ച് മറ്റുകുട്ടികൾ അധ്യാപികയോട് പരാതി പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. എന്നാൽ സൂപ്പർവൈസറുടെ അസാന്നിധ്യത്തിൽ കുട്ടികൾ എങ്ങനെയാണ് ബസിനുള്ളിൽ കടന്നത് എന്നത് അജ്ഞാതമാണ്.
സംഭവത്തെ സംബന്ധിച്ച് സ്കൂൾ അധികൃതർ പ്രതികരണത്തിനു തയാറായിട്ടില്ല. എന്നാൽ താൻ ബസിനുള്ളിലേക്ക് എത്തിയപ്പോൾ കുട്ടികൾ ജീവനക്കാരനെ സംബന്ധിച്ചു പരാതി പറയുകയായിരുന്നു എന്ന് അധ്യാപിക പോലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സ്കൂൾ ബസിന്റെ ചുമതലയുള്ളയാളെ അറിയിച്ചപ്പോൾ, ഇയാളെത്തി കുട്ടികളുടെ മുന്നിൽവച്ച് കുറ്റക്കാരനായ ജീവനക്കാരനെ അടിച്ചെന്നും പോലീസ് പറയുന്നു.
