ചെന്നൈ: വെല്ലൂരില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റരെ വിദ്യാര്‍ത്ഥി കുത്തി പരിക്കേല്‍പ്പിച്ചു. വെല്ലൂരിലെ സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ് മാസ്റ്ററെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ചെവിയ്ക്കും വയറിനും കുത്തി പരിക്കേല്‍പ്പിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് തിരുപ്പട്ടൂര്‍ രാമകൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്ററായ ബാബു ആറിന് നേരെ വിദ്യാര്‍ത്ഥികളുടെ ആക്രമണമുണ്ടാകുന്നത്. 

സ്‌കൂളിനകത്ത് വച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബാബു ക്ലാസ് റൂമുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഒന്നാം നിലയിലെ പതിനൊന്നാം ക്ലാസില്‍ രണ്ട് കുട്ടികള്‍ ഇരിക്കുന്നുണ്ടായിരുന്നു. മൂന്ന് പേര്‍ പുറത്തു നില്‍ക്കുകയും ചെയ്തിരുന്നു. അധികമാരുമില്ലാത്ത ക്ലാസില്‍ ഇവര്‍ എന്ത് ചെയ്യുന്നുവെന്ന് അന്വേഷിക്കാന്‍ ബാബു ക്ലാസ് റൂമിലേക്ക് കയറിയതിന് പിന്നാലെ കുട്ടികളിലൊരാള്‍ പാഞ്ഞെത്തി ഹെഡ്മാസ്റ്ററെ കുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ച് പേരും അവിടെനിന്ന് രക്ഷപ്പെട്ടു. ചെവിയ്ക്ക് പിന്നിലും വയറിലുമാണ് ബാബുവിന് കുത്തേറ്റത്.

ഓടിക്കൂടിയ അധ്യാപകര്‍ ഹെഡ്മാസ്റ്ററെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഹെഡമാസ്റ്റര്‍ക്ക് ശസ്ത്രക്രിയ നടത്തി. ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നേരത്തേ 2016 ല്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് ബാബു ട്യൂഷന്‍ എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികളിലൊരാള്‍ ഇയാളെ ആക്രമിച്ചിരുന്നു. അന്ന് ഇടത് കയ്യില്‍ നിസ്സാര പരിക്കുകളോടെ ബാബു രക്ഷപ്പെട്ടു.