ആലപ്പുഴ: സമാനതകൾ ഇല്ലാത്ത പ്രളയദുരന്തത്തെ അതിജീവിച്ചാണ് ആലപ്പുഴ മാന്നാർ നായർ സമാജം സ്കൂളിലെ ആകാശ് കലോത്സവ വേദിയിലേക്ക് എത്തുന്നത്. പ്രളയത്തിൽ വീട് ഒലിച്ചുപോയെങ്കിലും കലയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ആകാശിനെ നാടകവേദിയിലേക്ക് എത്തിച്ചത്.

വേദിയില്‍ കുരങ്ങുമനുഷ്യനെന്ന റഹീമായി മാറുമ്പോൾ മാത്രമാണ് ആകാശ് ഇങ്ങനെ പൊട്ടിക്കരയുക. കാരണം കരഞ്ഞിരിക്കേണ്ടതല്ല ജീവിതമെന്ന് ആകാശ് എന്നേ പഠിച്ചുകഴിഞ്ഞു. പ്രളയം അവശേഷിപ്പിച്ചത് ജീവൻ മാത്രമാണ്. വെള്ളപ്പൊക്കത്തിൽ വീട് ഒലിച്ചുപോയി. അമ്മയ്ക്കും അനുജനുമൊപ്പം ബന്ധുവീട്ടിലാണ് ഇപ്പോൾ താമസം. സംസ്ഥാന സ്കൂൾ കലോത്സവ നാടകവേദിയിലേക്ക് ആകാശ് എത്തുന്നത് ഒരുപിടി ജീവിതാനുഭവങ്ങളുമായാണ്.

കെ ടി മുഹമ്മദിന്‍റെ കണ്ണുകൾ എന്ന നാടകമാണ് ആകാശും സംഘവും വേദിയിലെത്തിക്കുന്നത്. കൂട്ടുകാർക്കൊപ്പം നാടകപരിശീലനം നടത്തുമ്പോൾ ആകാശ് എല്ലാ വേദനകളും മറക്കും. സ്വന്തം വീട് പ്രളയത്തിൽ ഒലിച്ചുപോയി എങ്കിലും ആകാശിന്‍റെ മുഖത്തെ ചിരി മായുന്നില്ല. കലയുടേയും അതിജീവനത്തിന്റേയും പ്രതീക്ഷയുടേയും കരുത്ത് നൽകുന്ന ആ പുഞ്ചിരി.