ഒരുപിടി മാറ്റങ്ങളുമായി പുതിയ അധ്യയനവര്‍ഷം

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തിലേറെ കുട്ടികൾ ഇത്തവണ പുതുതായെത്തുമെന്നാണ് പ്രതീക്ഷ. നിപ ബാധ മൂലം കോഴിക്കോട് ജൂൺ അഞ്ചിനും, മലപ്പുറത്ത് ആറിനുമാണ് സ്കൂൾ തുറക്കുന്നത്. 

പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ റെഡി. പഴഞ്ചന്‍ ക്ലാസ് മുറികൾ സ്മാർട്ടായി തുടങ്ങി. പൊതുവിദ്യാലയങ്ങളിലേക്ക് മുൻ വർഷത്തെ പോലെ ഇത്തവണയും കുട്ടികളുടെ ഒഴുക്കുണ്ടാകുമെന്നാണ് വിദ്യാഭ്യാസവകുപ്പിൻറെ പ്രതീക്ഷ. മുൻ വർഷം ഒന്നരലക്ഷത്തോളം കുട്ടികളാണ് സർക്കാർ എയ്ഡഡ് മേഖലയിലേക്ക് അധികമായി വന്നത്.

വിദ്യാഭ്യാസ കലണ്ടറിൽ അടിമുടി മാറ്റങ്ങളുമുണ്ട്. ആറ് ശനിയാഴ്ചകളടക്കം 201 പ്രവൃത്തിദിവസമാണ് ലക്ഷ്യം. സ്കൂൾ കലോത്സവം ഡിസംബറിലാകും. എല്ലാ മേളകളും ഡിസംബർ അവധിക്ക് മുമ്പ് തീർക്കും. 2016-17, 17-18 കാലങ്ങളിൽ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് അധ്യാപകർക്ക് നിയമന അംഗീകാരം കിട്ടാത്തതിനാൽ മൂവായിരത്തോളം പേർ ഇത്തവണയും ശമ്പളകാര്യത്തിൽ ആശങ്കയോടെ സ്കൂളുകളിലെത്തുന്നത്.