ഷൊര്‍ണൂര്‍: സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവത്തിന് ഷൊര്‍ണൂരില്‍ കൊടിയിറങ്ങി. ആതിഥേയരായ പാലക്കാട് ജില്ല ഓവറോള്‍ കിരീടം ഏറ്റുവാങ്ങി. പ്രവൃത്തിപരിചയ മേളയിലെ ഉയര്‍ന്ന സ്കോറാണ് പാലക്കാടിനെ ഓവറോള്‍ കിരീടപോരാട്ടത്തില്‍ തുണച്ചത്. കാസര്‍കോഡ് ജില്ലയാണ് രണ്ടാം സ്ഥാനത്ത്, കഴിഞ്ഞ വര്‍ഷത്തെ ശാസ്ത്രോല്‍സവ ജേതാക്കളായ മലപ്പുറം ജില്ല ഇക്കുറി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

ഷൊര്‍ണൂര്‍ കെവിആര്‍ സ്കൂളില്‍ വച്ച് നടന്ന സമാപന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. പാലക്കാട് എംപി എംബി രാജേഷ് മുഖ്യാതിഥിയായി.

അതേസമയം, ശാസ്ത്രോല്‍സവ വിജയികള്‍ക്കുള്ള ഓവറോള്‍ ട്രോഫിയായി സ്വര്‍ണകപ്പ് നല്‍കുമെന്ന് തീരുമാനിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഇത് നടപ്പാക്കാത്തതില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. 45 ലക്ഷം രൂപയാണ് ഇതിനായി കുട്ടികളിൽ നിന്ന് പിരിച്ചെടുത്തത്.