കുട്ടിയുടെ പുറത്ത് 12 പാടുകളാണുണ്ടായിരുന്നത്
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ. കുട്ടി തെറ്റിയെഴുതിയെന്ന് പറഞ്ഞായിരുന്നു അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എൽപി സ്കൂളിലെ അധ്യാപിക ഷീല അരുൾ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.
ബുക്കിൽ എഴുതിയപ്പോൾ വളഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു അധ്യാപിക ഹരീഷെന്ന ഒന്നാം ക്ലാസുകാരനെ അധ്യാപിക ചൂരലുകൊണ്ട് പുറത്തടിച്ചത്. കുട്ടിയുടെ പുറത്ത് 12 പാടുകളാണുണ്ടായിരുന്നത്. ഹരീഷിനെ കുളിപ്പിക്കുമ്പോഴാണ് പാടുകൾ അമ്മ ഭാഗ്യലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിക്ക് വേദന സഹിക്കാതായതോടെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരാനും അധ്യാപികയും സ്കൂള്‍ അധികൃതരും ശ്രമിച്ചതായും കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിക്കുന്നു. രക്ഷിതാക്കളുടെ പരാതിയിൽ വണ്ടിപ്പെരിയാര്‍ പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
