ബംഗളൂരു: അവിഹിത ബന്ധം സംശയിച്ച് സ്കൂൾ അധ്യാപികയെ ഭർത്താവ് കുത്തിക്കൊന്നു. കർണാടകത്തിലെ കോലാറിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് തെരച്ചിൽ തുടങ്ങി.

കോലാറിലെ ബംഗാരപ്പേട്ടിൽ സ്വകാര്യ സ്കൂളിൽ അധ്യാപികയായ സന്ധ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇരുപത്തിയേഴുകാരിയായ സന്ധ്യയും ഭർത്താവ് വംശിയും ഒരേ സ്കൂളിൽ അധ്യാപകരായിരുന്നു. ആറ് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പ്രണയത്തിലായിരുന്ന ഇരുവരു്ം വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കളുമായി അകന്ന് കഴിഞ്ഞ സന്ധ്യയും വംശിയും ബെംഗളൂരുവിലാണ് ആദ്യം ജോലി നോക്കിയത്.

അവിടെ വച്ച് മറ്റൊരു അധ്യാപകനുമായി സന്ധ്യയ്ക്ക് ബന്ധമുണ്ടെന്ന് സംശയിച്ച വംശി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. തുടർന്ന് ബംഗാരപ്പേട്ടിലെ സ്കൂളിലേക്ക് മാറി. ഇവിടെ വച്ചും വംശി ഭാര്യയെ സംശയിക്കുന്നത് തുടർന്നു. ഇതിന്‍റെ പേരിൽ ദിവസവും വീട്ടിൽ ബഹളമായിരുന്നെന്നാണ് അയൽക്കാർ പറയുന്നത്. വെളളിയാഴ്ച രാത്രിയും തർക്കമുണ്ടായി. സന്ധ്യയെ ക്രൂരമായി മർദ്ദിച്ച ശേഷം വംശി കത്തിയെടുത്ത് കുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വയറിലേറ്റ കുത്താണ് സന്ധ്യയുടെ മരണത്തിന് ഇടയാക്കിയത്. ശനിയാഴ്ച രാവിലെ അയൽക്കാരാണ് സന്ധ്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.ഭർത്താവ് വംശി ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.