കൊച്ചി: ആലുവയില്‍ സ്കൂളിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപികയുടെ മരണത്തിൽ ദുരൂഹതയെന്നാരോപിച്ച് ബന്ധുക്കൾ. ആലുവ സായ് വിഹാർ സ്കൂളിലെ അധ്യാപികയായിരുന്ന സുജാതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആലുവ റൂറൽ എസ്.പി.ഓഫീസിലേക്ക് ബന്ധുക്കളും നാട്ടുകാർ മാർച്ച് നടത്തി.
സെപ്റ്റംബർ 22 തീയതി രാവിലെ 7.00 മണിയോടെയാണ് അധ്യാപികയായ സുജാത മരിച്ചതായി സ്കൂൾ അധികൃതർ ബസുക്കളെ അറിയിക്കുന്നത്. ആശുപത്രിയിലെത്തിയ ബന്ധുക്കൾ സ്വഭാവിക മരണമെന്ന് കരുതി മൃതദേഹം ഏറ്റുവാങ്ങി. എന്നാൽ സംസ്കാരത്തിന് ശേഷമാണ് സുജാത സ്കൂൾ കെട്ടിടത്തിന്റെ കൈവരിയിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന വിവരം ബന്ധുക്കൾ അറിയുന്നത്.
സ്കൂൾ അധികൃതർ സുജാതയെ മാനസികമായി പീഡിപ്പിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. സ്കൂളിൽ നിന്ന് വിരമിച്ച സുജാത പത്ത് ദിവസത്തേക്ക് താത്കാലിക അധ്യാപികയായി എത്തിയതായിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസവും ഉടൻ വീട്ടിലെത്താമെന്ന് മകളോട് പറഞ്ഞ സുജാത പിറ്റേദിവസം ആത്മഹത്യ ചെയ്തത് ദുരൂഹമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഹോസ്റ്റലിൽ സുജാതയെ തൂങ്ങിമരിച്ച നിലയിൽ കണ്ട കുട്ടികളെ വ്യാജ മൊഴി നൽകാൻ സ്കൂൾ അധികൃതർ പ്രേരിപ്പിച്ചതായും ബന്ധുക്കൾ പറയുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിട്ടും സ്കൂൾ മാനേജർക്കെതിരെ യാതൊരു നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്. പൊലീസ് നിഷ്ക്രിയരാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
