തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന്‍റെ ശോഭ കെടുത്തുന്ന അപ്പീലുകൾ കുറയ്ക്കാൻ സർക്കാർ ഹൈക്കോടതിയിലേക്ക്. അടുത്ത വര്‍ഷം മുതല്‍ അപ്പീലുകള്‍ നിയന്ത്രിക്കാന്‍ ശ്രമം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപ്പീലുകൾ അനുവദിക്കുന്നതിന് മുൻപ് സർക്കാറിന്‍റെ ഭാഗവും കേൾക്കണം. അടുത്ത വർഷം തന്നെ നിയന്ത്രണം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതിന് സമാനമായി നേരത്തെ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ വൈകിയാണ് പരിപാടികള്‍ തുടങ്ങുന്നതും പൂര്‍ത്തിയാകുന്നതും. ഇത് മേളയുടെ നടത്തിപ്പു തന്നെ അവതാളത്തിലാക്കുകയാണ്. പല നിയന്ത്രണങ്ങളും കൊണ്ടുവന്നെങ്കിലും അപ്പീലുകളുടെ ഒഴുക്ക് തടയാന്‍ സാധിച്ചിരുന്നില്ല.