നിപ ഭീതിയെ തുടർന്ന് നിശ്ചലമായിരുന്ന കോഴിക്കോട് നഗരവും പതുക്കെ സാധാരണനിലയിലേക്ക്
കോഴിക്കോട്: പരിശോധനാഫലങ്ങൾ തുടർച്ചയായി നെഗറ്റീവാക്കുകയും നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ആർക്കും രോഗമില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രങ്ങൾ ജില്ലാ ഭരണകൂടം പിൻവലിക്കുന്നു.
നിപ അവസാനം റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം തുടര്‍ച്ചയായി 42 ദിവസം പരിസരപ്രദേശങ്ങളിലൊന്നും രോഗം ഉണ്ടായിട്ടില്ലെങ്കില്‍ നിപ ഭീഷണി ഒഴിഞ്ഞതായി പ്രഖ്യാപിക്കാം. കോഴിക്കോട്ട് മെയ് 30-നായിരുന്നു നിപ ബാധിച്ച് ഒടുവില്‍ മരണമുണ്ടായത്. ഈ കണക്കനുസരിച്ചാണ് ജൂലൈ രണ്ടാം വാരം വരെ ജാഗ്രത തുടരാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
വെളളിയാഴ്ച നിപ ലക്ഷണങ്ങളുമായി ആരും ആശുപത്രികളിലെത്താതിരുന്ന സാഹചര്യത്തിൽ ഇനി കടുത്ത നിയന്ത്രണങ്ങളൊന്നും വേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നിപ ഭീതിയെ തുടർന്ന് നിശ്ചലമായിരുന്ന കോഴിക്കോട് നഗരവും പതുക്കെ സാധാരണനിലയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.
നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേരെ എന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്ന കാര്യത്തില്‍ ആരോഗ്യവകുപ്പ് തീരുമാനമെടുത്തിട്ടില്ല. ഇവരുടെ രോഗം പൂർണമായും ഭേദമായെന്ന് പരിശോധനകളിൽ തെളിഞ്ഞിരുന്നു. നിലവിൽ ഇരുവർക്കും ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. അതിനിടെ നിപ സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 23ആയി.
