'ഇത് ഒരുപാട് സമയമെടുക്കുന്നു' എന്നായിരുന്നു ലോകത്തോട് വിടപറയും മുന്‍പുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍

സിഡ്നി: ദയാവധത്തിന് അനുമതി തേടി ഓസ്‍ട്രേലിയയില്‍ നിന്ന് സ്വിറ്റ്സര്‍ലന്റിലേക്ക് പോയ പ്രമുഖ സസ്യശാസ്‌ത്രജ്ഞന്‍ ഡേവിഡ് ഗുഡാല്‍ (104) അന്തരിച്ചു. അദ്ദേഹത്തിന്റെ അഗ്രഹ പ്രകാരം ഉച്ചയ്‌ക്ക് 12.30ന് സ്വിറ്റ്‍സര്‍ലന്റിലെ ലൈഫ് സ്റ്റൈല്‍ ക്ലിനിക്കില്‍ വെച്ചായിരുന്നു അന്ത്യം. നെംബ്യൂട്ടാല്‍ എന്ന മരുന്ന് നല്‍കിയായിരുന്നു എത്രയും വേഗം മരണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സാക്ഷാത്കരിച്ചത്.

ദയാവധത്തിനായി പ്രവര്‍ത്തിക്കുന്ന എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ആണ് മരണവിവരം പുറത്തുവിട്ടത്. മരിയ്‌ക്കുന്നതില്‍ അത്യധികം സന്തോഷവാനാണെന്നായിരുന്നു അദ്ദേഹം നേരത്തെ തന്നെ അറിയിച്ചിരുന്നത്. കഴിഞ്ഞ കുറേ നാളുകളായി എന്റെ ജീവിതം നിലവാരം വളരെ മോശമായി വരുന്നു. ഇത്രയും നാള്‍ ജീവിക്കേണ്ടി വന്നതില്‍ വിഷമമുണ്ട്. ജീവിതം അവസാനിപ്പിക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളു-അദ്ദേഹം പറഞ്ഞു. ദയാവധത്തിന് മുന്നോടിയായുള്ള രേഖകള്‍ തയ്യാറാക്കാനും ഒപ്പുവെയ്‌ക്കാനും ഏറെ നേരം വേണ്ടിവന്നതിലും അദ്ദേഹം അസ്വസ്ഥനായിരുന്നു. 'ഇത് ഒരുപാട് സമയമെടുക്കുന്നു' എന്നായിരുന്നു ലോകത്തോട് വിടപറയും മുന്‍പുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകളെന്നും എക്‌സിറ്റ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിച്ച് ഇഷ്‌ടസംഗീതവും ആസ്വദിച്ച ശേഷമായിരുന്നു മരണം സ്വീകരിക്കുന്ന നടപടിക്രമങ്ങളിലേക്ക് കടന്നത്.

ഓസ്‍ട്രേലിയയിലെ പെര്‍ത്തില്‍ ചെറിയൊരു ഫ്ലാറ്റിലായിരുന്നു അദ്ദേഹം കഴിഞ്ഞുവന്നത്. 1979ല്‍ ജോലിയില്‍ നിന്ന് വിരമിച്ച അദ്ദേഹം ഗവേഷണങ്ങളിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു. മരിക്കണമെന്ന ആഗ്രഹം തോന്നിയപ്പോള്‍ ഓസ്‍ട്രേലിയില്‍ തന്നെ അതിനുള്ള സാധ്യതകള്‍ അന്വേഷിച്ചെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമേ ദയാവധം നിയമവിധേയമായിട്ടുള്ളൂ എന്ന് തിരിച്ചറിഞ്ഞു. അതും ഗുരുതരമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് മാത്രം. കാര്യമായ അസുഖമൊന്നുമില്ലായിരുന്ന ഡേവിഡ് ഡുഡാല്‍ പിന്നെ സ്വിസ്റ്റസര്‍ലന്റിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. 1942 മുതല്‍ സ്വിറ്റ്സര്‍ലന്റില്‍ ദയാവധം നിയമവിധേയമാണ്. ബേസല്‍ സര്‍വകലാശാലയിലെ തന്റെ പ്രിയപ്പെട്ട മരങ്ങള്‍ക്കൊപ്പമാണ് അവസാന ദിവസം ചിലവഴിച്ചത്. മൂന്ന് പേരക്കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഫ്രാന്‍സിലുള്ള ബന്ധുക്കളെയും സന്ദര്‍ശിച്ചു. തുടര്‍ന്ന് മരണം സ്വീകരിക്കുകയായിരുന്നു.