കൊല്ലം: ചവറയിലെ സിപിഎം എസ്ഡിപിഐ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പൊലീസിനെതിരെ നടപടി. കരുനാഗപ്പള്ളി എസിപിയെ താത്കാലികമായി ചുമതലയില്‍ നിന്നും മാറ്റാന്‍ തീരുമാനം. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റിയെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. ക്രെംബ്രാഞ്ച് എസിപി എ.അശോകനാണ് താത്കാലിക ചുമതല. ഇരു പാര്‍ട്ടികളുടെയും ജാഥകള്‍ ഒരേ ദിശയില്‍ കടത്തിവിട്ടതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. ജാഥയ്ക്ക് ആവശ്യത്തിന് പൊലീസുകാരെ നിയോഗിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിന് സമീപം സംഘര്‍ഷമുണ്ടാകുന്നത്. സിപിഎം ചവറ ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള റെഡ് വൊളണ്ടിയര്‍ മാര്‍ച്ച് ഒരു വശത്ത് കൂടി നടക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത ഈ മാര്‍ച്ച് കടന്നു പോകുമ്പോള്‍ തന്നെ എസ്ഡിപിഐയുടെ ജാഥയും എത്തി. ഇരു ജാഥകളും ഒരേ ദിശയില്‍ എത്തിയപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
റെഡ് വൊളണ്ടിയര്‍ മാര്‍ച്ചിലും എസ്ഡിപിഐയുടെ ബഹുജന്‍ ജാഥയിലും വന്‍ ജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഇവരെ നിയന്ത്രിക്കാന്‍ ആകെയുണ്ടായിരുന്നത് ചവറ, കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ മാത്രം. പൊലീസിന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്നും ജാഥകള്‍ നടത്താന്‍ ഒരേ സമയം അനുവാദം കൊടുത്തതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി എസിപി ശിവപ്രസാദിനെ താത്കാലികമായി മാറ്റാന്‍ തീരുമാനമായത്. കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ ഡിജിപി പൊലീസിനുണ്ടായ വീഴ്ചയില്‍ കനത്ത അതൃപ്തി അറിയിച്ചിരുന്നു. രാഷ്ട്രീയ പരിപാടികള്‍ നടത്തുന്നതിന് മുന്നോടിയായി പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം മാത്രമേ അനുമതി നല്‍കാവൂ എന്ന് ഡിജിപി നിര്‍ദ്ദം നല്‍കി.
