മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തെത്തി. 8648 വോട്ടുകളാണ് എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി കെ സി നസീര്‍ നേടിയത്. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ദയനീയ പ്രകടനമായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയുടേത്. നാലാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രന് 5728 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 7055 വോട്ടുകള്‍ ലഭിച്ചിരുന്നു. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്ന എസ് ഡി പി ഐ, മികച്ച പ്രകടനമാണ് നടത്തിയത്. എസ് ഡി പി ഐ മികച്ച പ്രകടനം നടത്തിയതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദറിന്റെ ഭൂരിപക്ഷത്തില്‍ കുറവുണ്ടായതെന്നും വിലയിരുത്തലുണ്ട്. 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കെ എന്‍ എ ഖാദര്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി 38000ലേറെ വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു.