തണല്‍ പ്രവര്‍ത്തകര്‍ ഒരുമിച്ചു പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് കൈത്താങ്ങുമായി  വിദ്യാര്‍ത്ഥികള്‍ 

ആലപ്പുഴ: പൂര്‍വ്വ വിദ്യാര്‍ത്ഥിക്ക് കൈത്താങ്ങുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മാതൃകയാകുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് കൈകാലുകള്‍ നഷ്ടപ്പെട്ട നീര്‍ക്കുന്നം കാട്ടുക്കാരന്‍ പറമ്പില്‍ വസുന്ദരന്‍ സരസമ്മ ദമ്പതികളുടെ മകന്‍ ശ്യാംലാലിന്(25) ക്രിത്രിമകാല്‍ ഘടിപ്പിക്കാനാണ് നീര്‍ക്കുന്നം എസ് ഡി വി ഗവണ്‍മെന്‍റ് സ്‌കൂളിലെ ലഹരി വിരുദ്ധ സന്നദ്ധ സംഘടനയായ തണലിന്റെ പ്രവര്‍ത്തകര്‍ ഒരുമിച്ചത്. 

ആറ് മാസം മുമ്പ് തോട്ടപ്പള്ളിയില്‍വെച്ച് ലോറി ബൈക്കിലിടിച്ചാണ് ശ്യാംലാലിന് പരിക്കേറ്റത്. ഒപ്പമുയായിരുന്ന മനു മരണപ്പെട്ടു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ശ്യാംലാലിന്റെ വലത്തെ കൈയും വലത്തെ കാലും മുറിച്ചുമാറ്റേണ്ടിവന്നു. ശ്യാംലാലിന്റെയും കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കിയ നീര്‍ക്കുന്നം എസ് ഡി വി ഗവ. യു പി സ്‌കൂളിലെ ലഹരി വിരുദ്ധ സേവന സന്നദ്ധ സംഘടനയിലെ തണല്‍ കൂട്ടുകാര്‍ ശ്യാംലാലിനെ സഹായിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനാവശ്യമായ ചെലവുകള്‍ തണലിലെ അംഗങ്ങളായ കുട്ടികളാണ് കണ്ടെത്തുന്നത്. 

ക്രിത്രിമ കാല്‍ ജയ്പ്പൂരിലെ ഡോ. മേത്ത സൗജന്യമായി ഘടിപ്പിച്ച് നല്‍കും. ഏപ്രില്‍ ആദ്യവാരം തന്നെ ക്രിത്രിമകാല്‍ ഘടിപ്പിക്കാനായി തണല്‍ ടീം ജയ്പ്പൂരിലേക്ക് തിരിച്ചിരിക്കും. കാല്‍ ഘടിപ്പിച്ചതിനു ശേഷം കൃത്രിമ കൈ കൂടി ശ്യാംലാലിന് നല്‍കുവാന്‍ ശ്രമിക്കുമെന്ന് തണല്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് സുരേഷ് ബാബു പറഞ്ഞു. ശ്യാംലാലിനൊപ്പം സുരേഷ്ബാബു, എസ് എം സി അംഗം സുബാഷ് എന്നിവരും ജയ്പൂരിലേയക്ക് യാത്രതിരിച്ചു.