പതിവിന് വിപരീതമായി കടലാമ മുട്ടയിടാനായി പകൽ നേരത്ത് കരയിലെത്തി. കാസർഗോഡ് പുതിയവളപ്പ് കടപ്പുറത്താണ് കടലാമ മനുഷ്യ സാനിധ്യത്തിൽ തന്നെ മുട്ടയിട്ട് മടങ്ങിയത്.
നായ നിർത്താതെ കുരയ്ക്കുന്നത് കണ്ടാണ് മത്സ്യതൊഴിലാളികൾ കടപ്പുറത്തെത്തിയത്. നോക്കുമ്പോള്‍ ഭീമൻ കടലാമ മുട്ടയിടാനായി നിലമൊരുക്കുന്നു. സംഭവം അറിഞ്ഞതോടെ ആളുകൂടി. പക്ഷേ ഇതൊന്നും കടലാമയ്ക്ക് തടസ്സമായില്ല. അവൾ കരയിലെ മണൽ നീക്കി കുഴിഒരുക്കി. മുട്ടയിട്ട് കുഴി നികത്തി കടലിലേക്ക് തന്നെ തിരികെ പോയി. ഒളിവ‌് റിഡ്‍ലി വിഭാഗത്തിൽപ്പെട്ട കടലാമകളാണ് കേരള തീരത്ത് പ്രധാനമായും കാണുന്നത്. ഇവ രാത്രിയാണ് മുട്ടയിടാനായി കരയിലെത്തുക. ഓസ്ട്രേലിയൻ തീങ്ങളിൽ കാണുന്ന കടലാമകളാണ് പകൽ മുട്ട ഇടാറുള്ളത്. 139 മുട്ടകളാണ് ഇന്നലെ ഹോസ്ദുർഗ് കടപ്പുറത്ത് നിന്ന് മാത്രം കിട്ടയത്. ഇവ തൊട്ടടുത്തുള്ള ഹാച്ചറിയിലേക്ക് മാറ്റി. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങളെ വൈകാതെ കടലിലേക്ക് തന്നെ തിരിച്ച് വിടും.

