പുറങ്കടലിൽ ബോട്ടിൽ കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. നാവികസേനയും കോസ്റ്റുഗാർഡും മറൈൻ എൻഫോഴ്സ്മെന്‍റും ഒന്നിച്ചാണ് മുനമ്പത്ത് നിന്ന് 28 നോട്ടിക്കൽ മൈൽ അകലെ തിരച്ചിൽ നടത്തുന്നത്. മത്സ്യത്തൊഴിലാളികളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
കൊച്ചി: പുറങ്കടലിൽ ബോട്ടിൽ കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. നാവികസേനയും കോസ്റ്റുഗാർഡും മറൈൻ എൻഫോഴ്സ്മെന്‍റും ഒന്നിച്ചാണ് മുനമ്പത്ത് നിന്ന് 28 നോട്ടിക്കൽ മൈൽ അകലെ തിരച്ചിൽ നടത്തുന്നത്. മത്സ്യത്തൊഴിലാളികളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് നേവി അറിയിച്ചു. കടൽ പ്രക്ഷുബ്ധമായത് രക്ഷാപ്രവർത്തനത്തിന് തടസ്സമാവുകയാണ്.
അപകടമുണ്ടാക്കിയെന്ന് സംശയിക്കുന്ന കപ്പൽ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ കോസ്റ്റൽ പൊലീസ് ഇന്ന് പരിശോധിക്കും. ബോട്ട് ഓടിച്ചത് താനല്ലെന്നാണ് എഡ്വിൻ പറയുന്നത്. കപ്പൽ പിന്നിലൂടെ വന്ന് ബോട്ടിലിടിക്കുകയായിരുന്നു. ബോട്ട് ഓടിച്ചത് യേശുബാലനായിരുന്നെന്നും എഡ്വിന്‍ പറഞ്ഞു. അപകടസമയത്ത് ഇതേ കടൽഭാഗത്തുണ്ടായിരുന്ന മൂന്ന് കപ്പലുകൾ മംഗലാപുരം, മുംബൈ തീരങ്ങളിൽ അടുപ്പിച്ച് പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി 10.30ന് ശേഷമാണ് 14 പേരുമായി ഓഷ്യാനിക് എന്ന ബോട്ട് മുനമ്പത്ത് നിന്ന് യാത്ര തിരിച്ചതെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട കൊൽക്കത്ത സ്വദേശിയായ നരേൻ സർക്കാർ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ അപകടമുണ്ടാകുമ്പോള്‍ ഡ്രൈവറൊഴികെ ബാക്കിയെല്ലാവരും ഉറങ്ങുകയായിരുന്നു. കപ്പൽ ബോട്ടിൽ ഇടിച്ചതിന് ശേഷം രണ്ടു മണിക്കൂറോളം നരേനും എഡ്വിനും വെള്ളത്തിൽ കിടന്നു. തുടർന്ന് മറ്റൊരു ബോട്ട് അരികിലൂടെ വന്നപ്പോൾ കൈകാണിച്ചു. അവർ വടമിട്ട് രക്ഷിക്കുകയായിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട എഡ്വിന്‍റെ കാലിന് പൊട്ടലുണ്ട്. നരേൻ സർക്കാരിന്‍റെ പരിക്ക് ഗുരുതരമല്ല. ഇരുവരുടേയും ചികിത്സ തുടരുകയാണ്.
