Asianet News MalayalamAsianet News Malayalam

ബോട്ടില്‍ കപ്പലിടിച്ച സംഭവം; തിരിച്ചില്‍ മൂന്നാം ദിനവും തുടരുന്നു

നാവിക സേനയ്ക്കും കോസ്റ്റുഗാ‍ർഡിനും മറൈൻ എൻഫോഴ്സ്മെന്‍റിനും ഒപ്പം മത്സ്യത്തൊഴിലാളികളും മൂന്നാം ദിവസവും കാണാതായവർക്കായി തെരച്ചിൽ തുടരുന്നുണ്ട്.

search for missing people in kochi boat accident
Author
Kochi, First Published Aug 9, 2018, 6:57 AM IST

കൊച്ചി പുറങ്കടലിൽ ബോട്ടിൽ കപ്പലിടിച്ച് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി മൂന്നാം ദിവസവും തെരച്ചിൽ തുടരുന്നു. അപകടമുണ്ടാക്കിയെന്ന് സംശയിക്കുന്ന കപ്പൽ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ കോസ്റ്റൽ പൊലീസ് ഇന്ന് പരിശോധിക്കും. ബോട്ട് ഓടിച്ചത് താനല്ലെന്നാണ് എഡ്വിൻ പറയുന്നത്. കപ്പൽ പിന്നിലൂടെ വന്ന് ബോട്ടിലിടിക്കുകയായിരുന്നു. ബോട്ട് ഓടിച്ചത് യേശുബാലനായിരുന്നെന്നും എഡ്വിന്‍ പറഞ്ഞു.

നാവിക സേനയ്ക്കും കോസ്റ്റുഗാ‍ർഡിനും മറൈൻ എൻഫോഴ്സ്മെന്‍റിനും ഒപ്പം മത്സ്യത്തൊഴിലാളികളും മൂന്നാം ദിവസവും കാണാതായവർക്കായി തെരച്ചിൽ തുടരുന്നുണ്ട്. അപകടസമയത്ത് ഇതേ കടൽഭാഗത്തുണ്ടായിരുന്ന മൂന്ന് കപ്പലുകൾ മംഗലാപുരം, മുംബൈ തീരങ്ങളിൽ അടുപ്പിച്ച് പരിശോധന നടത്തിവരുന്നു. തിങ്കളാഴ്ച രാത്രി 10.30ന് ശേഷമാണ് 14 പേരുമായി ഓഷ്യാനിക് എന്ന ബോട്ട് മുനമ്പത്ത് നിന്ന് യാത്ര തിരിച്ചതെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട കൊൽക്കത്ത സ്വദേശിയായ നരേൻ സർക്കാർ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ അപകടമുണ്ടാകുമ്പോള്‍ ഡ്രൈവറൊഴികെ ബാക്കിയെല്ലാവരും ഉറങ്ങുകയായിരുന്നു. കപ്പൽ ബോട്ടിൽ ഇടിച്ചതിന് ശേഷം രണ്ടു മണിക്കൂറോളം നരേനും എഡ്വിനും വെള്ളത്തിൽ കിടന്നു. തുടർന്ന് മറ്റൊരു ബോട്ട് അരികിലൂടെ വന്നപ്പോൾ കൈകാണിച്ചു. അവർ വടമിട്ട് രക്ഷിക്കുകയായിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ട എഡ്വിന്‍റെ കാലിന് പൊട്ടലുണ്ട്. നരേൻ സർക്കാരിന്‍റെ പരിക്ക് ഗുരുതരമല്ല. ഇരുവരുടേയും ചികിത്സ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios