കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ രഹസ്യമൊഴി നൽകി . തനിക്ക് ചില കാര്യങ്ങൾ രഹസ്യമായി അറിയിക്കാനുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് കോടതി മാര്‍ട്ടിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. നടിയെയും പള്‍സര്‍ സുനിയെയും തനിക്ക് പേടിയാണെന്നും സുനി മുന്നില്‍ നില്‍ക്കുമ്പോള്‍ വെളിപ്പെടുത്താന്‍ തനിക്ക് ധെെര്യമില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു.തുടര്‍ന്ന് സുനിയെയും മറ്റു പ്രതികളെയും പുറത്തേക്ക് കൊണ്ടു പോവാന്‍ നിര്‍ദ്ദേശിച്ച കോടതി അടച്ചിട്ട മുറിയില്‍ മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ കേള്‍ക്കുകയായിരുന്നു.

അതേസമയം കേസിലെ സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി കോടതിയിൽ ഹർജി സമർപ്പിച്ചു.നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യത്തിന്‍റെ പകർപ്പ്, പ്രതികളും കേസിലെ ദൃക്സാക്ഷികളുമായുള്ള ഫോൺ സംഭാഷണങ്ങൾ തുടങ്ങിയവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ദിലീപിന്റെ അഭിഭാഷകൻ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദൃശ്യങ്ങളുടെ ആധികാരികതയും ദിലീപ് ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം പതിനേഴിലേക്ക് മാറ്റി