തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍നിന്ന് പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ സെക്രട്ടേറിയേറ്റിനു മുന്നില്‍ ഇന്നും സത്യഗ്രഹസമരം സംഘടിപ്പിക്കും. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എത്തും. പിരിച്ചുവിട്ട തൊഴിലാലികളെ തിരിച്ചെടുക്കുക, അല്ലെങ്കില്‍ അര്‍ഹമായ നശ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

നിയമസഭാസമ്മേളനം തുടങ്ങുന്നതിന് മുമ്പ് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം നിയമസഭക്കു മുന്നിലേക്ക് മാറ്റുമെന്ന് ജീവനക്കാരുടെ കൂട്ടായ്മ അറിയിച്ചു. അതിനിടെ പിന്‍വാതില്‍ നിയമനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പി എസ് സി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതരിായ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

അതേസമയം എംപാനൽ ജീവനക്കാർ സമരത്തിലൂടെ സർക്കാരിനെ സമ്മർദ്ധത്തിലാക്കാൻ ശ്രമിക്കുന്നുവെന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചത്. മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് നടക്കുന്നത്. പ്രശ്നം സങ്കീർണമാണ്. സമരം സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണെന്ന് കോടതി വ്യാഖ്യാനിച്ചേക്കാം. സമരം നടത്തുന്നവർ ആത്മ പരിശോധന നടത്തണമെന്നും എ. കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞു.