ചെന്നൈ: തമിഴ്നാട്ടില്‍ ആശുപത്രി അധികൃതരുടെ പിഴവ് കാരണം എച്ച് ഐ വി ബാധിച്ചെന്ന് ആരോപിച്ച് മറ്റൊരു യുവതി കൂടി രംഗത്ത്. മൂന്ന് ദിവസം മുമ്പ് ആശുപത്രി അധികൃതരുടെ  അനാസ്ഥ മൂലം എച്ച് ഐ വി ബാധിച്ചെന്ന് ആരോപിച്ച് ഗർഭിണി എത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം. തമിഴ്നാട്ടിലെ പ്രമുഖ കില്‍പൗക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരേയാണ് ആരോപണം. 27കാരിയാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്. 

ഏപ്രില്‍ മാസം ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ചതിലൂടെയാണ് തനിക്ക് എയ്ഡ്സ് ബാധിച്ചതെന്നാണ് യുവതിയുടെ ആരോപണം. എന്നാൽ ആശുപത്രി അധികൃതർ   യുവതിയുടെ ആരോപണം നിഷേധിച്ചു. മറ്റേതെങ്കിലും വഴിയായിരിക്കാം യുവതിക്ക് എച്ച് ഐ വി ബാധിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. 
 
ഗര്‍ഭിണിയായിരുന്ന സമയത്ത് ശരീരത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് ഉയര്‍ത്താനായി ആശുപത്രിയിൽ നിന്ന് രണ്ട് പേരില്‍നിന്ന് രക്തം സ്വീകരിച്ചതായി യുവതി പറയുന്നു. എന്നാല്‍ രക്തം നല്‍കിയ രണ്ട് പേരും പരിശോധനയ്ക്ക് വിധേയരായിരുന്നുവെന്നും ഇരുവരും എച്ച് ഐ വി ബാധിതരായിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ആശുപത്രിയിൽ അഡ്മിറ്റ് ആകും മുമ്പ് യുവതി എച്ച് ഐ വി ബാധിതയായിരുന്നോ എന്ന് പറയാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.   

ഇത് പൂർണമായും യുവതിയുടെ ഭാഗത്തുണ്ടായ തെറ്റാണെന്ന് ആശുപത്രി വകുപ്പദ്ധ്യക്ഷ ഡോ. പി വസന്തമണി പറയുന്നത്. ഗുരുതരമായ അവസ്ഥയിലായിരുന്നു യുവതി ആശുപത്രിയിൽ വന്നിരുന്നത്. അവര്‍ ഹാജരാക്കിയ രേഖകള്‍ നോക്കി ആവശ്യ ചികിത്സ നൽകുക എന്നതുമാത്രമായിരുന്നു അപ്പോള്‍ ചെയ്യാനുണ്ടായിരുന്നത്. മൂന്ന് മണിക്കൂർ എടുക്കുന്ന അത്തരം പരിശോധന നടത്താൻ അപ്പോൾ സമയം ഉണ്ടായിരുന്നില്ല. ചെറിയൊരു താമസം പോലും യുവതിയുടെ ജീവനെ ബാധിക്കുമായിരുന്നുവെന്നും ഡോ വസന്തമണിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ യുവതിയുടെ മൂന്ന് മാസം പ്രായമുളള കുഞ്ഞിന് രോഗബാധയില്ല.  

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ വിരുധനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബ്ലഡ് ബാങ്ക് വഴി 24 കാരി സ്വീകരിച്ചത്  എച്ച്ഐവിയും ഹെപ്പറ്റൈറ്റിസ് ബിയുമുള്ള യുവാവിന്റെ രക്തമായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശിവകാശിയിലെ ബ്ലഡ് ബാങ്കില്‍ നിന്നാണ് രക്തം നല്‍കിയത്. കൃത്യമായ പരിശോധന നടത്താതെ യുവാവിൽനിന്ന് സ്വീകരിച്ച രക്തമാണ് യുവതിക്ക് നൽകിയത്.