തിരുവനന്തപുരം: സെക്കണ്ടറി സ്കൂളുകളുടേയും ഹയർസെക്കണ്ടറി സ്കൂളുകളുടേയും ലയനം പല വിദ്യാഭ്യാസ പരിഷ്ക്കരണ കമ്മിറ്റികളും മുന്നോട്ട് വച്ചതാണ് .എന്നാൽ ലയനനീക്കത്തിന് ശ്രമിച്ച സർക്കാർ , ഇപ്പോൾ അധ്യാപകസംഘടനകളുടെ എതിർപ്പ് മൂലം തീരുമാനം നീട്ടി. ആർഎംഎസ്എ അടക്കമുള്ള കേന്ദ്രഫണ്ട് ഉറപ്പാക്കാൻ ലയനം ആവശ്യമാണെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ നിലപാട്

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ട് വരെ ഒരു കുടക്കീഴിൽ എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള എൽപി-യുപി ഹൈസ്കൂൾ-ഹയർസെക്കണ്ടറി ഘടന പൊളിച്ചെഴുതുന്നതാണ് കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം. രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭ്യാൻ എന്ന ആർഎംഎസ്എ പദ്ധതി വിഭാവനം ചെയ്യുന്നതും 9 മുതൽ 12 വരെയുള്ള സ്കൂൾ ഘടന, ഒന്ന് മുതൽ 12 വരെയുള്ള ക്ലാസിലെ അധ്യാപർക്ക് സംയുക്ത ക്ലസ്റ്റർ പരിശീലനം നടത്തി അടുത്തിടെ സർക്കാർ ലയനത്തിന്റെ സൂചന നൽകി. എന്നാൽ ഹയർസെക്കണ്ടറി അധ്യാപകസംഘടനകൾ ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെ ലയനചർച്ചകൾ മരവിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർസെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർസെക്കണ്ടറി ഡയറക്ടറേറ്റ് എന്നിങ്ങനെ മൂന്ന് അധികാരകേന്ദ്രങ്ങളാണ് നിലവിൽ...പത്ത് മുതൽ 12 വരെയുള്ള ഒരു സ്കൂളിൽ തന്നെ ഹെഡ് മാസ്റ്ററും ഹയർസെക്കണ്ടറി പ്രിൻസിപ്പലും. ഭരണപരമായ സൗകര്യത്തിനപ്പുറം പ്ലസ് ടു അധ്യാപകരുടെ സേവനം സെക്കണ്ടറിയിൽ ഉറപ്പാക്കാൻ ലയനം സഹായിക്കും.
ലബോറട്ടറികളും കമ്പ്യൂട്ടർ ലാബും അടക്കമുള്ള സൗകര്യങ്ങൾ പരസ്പരം ഉപയോഗിക്കാം. പത്ത് വരെ കിട്ടുന്ന ആർഎംഎസ്എ ഫണ്ട് ഹയർസെക്കണ്ടറിയിലും എളുപ്പത്തിൽ ലഭ്യമാക്കാം. ഹൈസ്ക്കൂളിൽ പഠിപ്പിക്കേണ്ടിവരുമെന്ന ഒറ്റക്കാരണം കൊണ്ടാണ് ഹയർസെക്കണ്ടറി അധ്യാപകസംഘടനകളുടെ എതിർപ്പ്. ഹൈസ്കൂൾ അധ്യാപകസംഘടനകൾക്ക് ലയനത്തിന് പൂർണ്ണ സമ്മതം.
സംഘടനകളെ വിശ്വാസത്തിലെടുത്ത് സർക്കാറിന് ലയനനീക്കത്തിന് മുൻകെയ്യെടുക്കാമെങ്കിലും തൽക്കാലം അത്തരം ശ്രമങ്ങളില്ല. കേന്ദ്രാവിഷ്കൃത ഫണ്ടുകളെ വരെ ബാധിക്കുമെന്നതിനാൽ ലയനത്തിൽ തീരുമാനം അധികം നീട്ടിക്കൊണ്ടുപോകാനുമാകില്ല.
