ജോർദാനിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ യുഎസ് ശക്തമായ വ്യോമാക്രമണം നടത്തി. ഇറാൻ സംഘം പാകിസ്ഥാനുമായി ചർച്ച നടത്താനിരിക്കെയാണ് ഈ സൈനിക നീക്കം. സംഘർഷങ്ങൾക്കിടയിലും സമാധാന ശ്രമങ്ങളുടെ ഭാഗമായി ഒമാനും ഖത്തറും ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ടെഹ്റാൻ: മധ്യേഷ്യയിൽ സമാധാന ചർച്ചകളും സൈനിക സംഘർഷങ്ങളും ഒരേസമയം സജീവമാകുന്നു. ഇറാൻ സംഘം നാളെ പാകിസ്ഥാനിൽ എത്തി നിർണായക ചർച്ചകൾ നടത്താനിരിക്കെയാണ് മേഖലയിൽ പുതിയ സൈനിക നീക്കങ്ങളും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമാനും ഖത്തറും തമ്മിലും ഈ സാഹചര്യത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ യുഎസിന്റെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെയാണ് വീണ്ടും കനത്ത വ്യോമാക്രമണം ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരമാണ് ഈ നീക്കം. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ദുർബലപ്പെടുത്താനും, ജോർദാനിൽ ആക്രമണം നടത്തിയ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന് കടുത്ത ശിക്ഷ നൽകാനുമാണ് ആക്രമണമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇറാന്റെ തെക്കൻ തുറമുഖ നഗരമായ സിരിക്കിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹാജിയാബാദിലും യുഎസ് ആക്രമണമുണ്ടായെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലാണ് രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെ തുടർന്ന് കാണാതായ അമേരിക്കൻ സൈനികൻ ജോർദാനിൽ കൊല്ലപ്പെട്ടു എന്ന് സംശയിക്കുന്നു. ഇവിടെനിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം നിലവിൽ പരിശോധിച്ചുവരികയാണ്. പരിക്കേറ്റ നാല് സൈനികർ ജോർദാനിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി. സൈനികരുടെ മരണം യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേതും സ്ഥിരീകരിച്ചു. അതേസമയം, ഇറാക്കിൽ ഇറാന്റെ ബോംബ് നിർവീര്യമാക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി വിശദീകരണമുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും കുടുംബങ്ങളെ വിവരമറിയിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം തുടരുമ്പോഴും സമാധാനത്തിനായുള്ള ഒമാൻ - ഖത്തർ ചർച്ചകളും പൂർത്തിയായിട്ടുണ്ട്.


