ഇതായിരുന്നു റഷ്യയുടെ വിജയരഹസ്യം

മോസ്‌കോ: ലോകകപ്പില്‍ റഷ്യയുടെ ചരിത്രവിജയത്തിന് പിന്നിൽ താരങ്ങൾക്കപ്പുറം മറ്റ് രണ്ടുപേർകൂടി ഉണ്ടായിരുന്നു. പരിശീലകന്‍ ചെർഷസോവും ഗാലറിയിലെ ആരാധകരും. പാസുകളുടെ അതിപ്രസരത്താൽ എതിരാളികളെ ഞെരുക്കുന്ന സ്പെയ്ൻ ആയിരുന്നു മുന്നിൽ. എന്നാല്‍ കണക്കിലും കരുത്തിലും റഷ്യ പിന്നിലാണെന്ന് അറിഞ്ഞുതന്നെയായിരുന്നു പരിശീലകന്‍ സ്റ്റാനിസ്ലാവ് ചെർഷസോവ് തന്ത്രംമെനഞ്ഞതും കളിക്കാരെ വിന്യസിച്ചതും.കോട്ടകെട്ടാൻ അ‍ഞ്ചുപേരെ നിയോഗിച്ചു. ആക്രമണങ്ങൾക്ക് പകരം വീണുകിട്ടുന്ന അവസരങ്ങളിലെ പ്രത്യാക്രമണങ്ങൾ മാത്രം. പന്ത് ഭൂരിഭാഗം സമയവും സ്പാനിഷ് കാലുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടപ്പോഴും ഷൂട്ടൗട്ടിൽ ജയിച്ച് കയറിയപ്പോഴും അക്ഷോഭ്യനായി ചെർഷസോവ്. ഗാലറിയിലെ ആരാധകരായിരുന്നു റഷ്യയുടെ പന്ത്രണ്ടാമൻ. സ്റ്റേഡിയത്തിലേക്ക് എത്തിയ 78011 പേരിൽ ഭൂരിഭാഗവും റഷ്യക്കാർ. അവർ നിലയ്ക്കാതെ പിന്തുണ നൽകിയപ്പോൾ റഷ്യൻതാരങ്ങളുടെ കാലുകൾക്ക് കുതിരശക്തിയായി. കളിക്കാർക്കും ഇതറിയാമായിരുന്നു. ഷൂട്ടൗട്ടിൽ അകിൻഫീവ് രക്ഷകനായപ്പോൾ ലുഷ്നികിയിൽ ആഘോഷത്തിന്‍റെ അഗ്നിപർവതം പൊട്ടിത്തെറിച്ചു. അത് റഷ്യ മുഴുവൻ ഒഴുകിപ്പരന്നു.