ജോലിസമയം നഷ്ടപ്പെടുത്താതെ സെക്രട്ടറിയറ്റിൽ ജീവനക്കാരുടെ ഓണാഘോഷം. ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ മാനിച്ചാണ് പ്രതിഷേധമൊന്നുമില്ലാതെ ഭരണ-പ്രതിപക്ഷ സംഘടനകള്‍ സെക്രട്ടറിയേറ്റിൽ ഓണമൊരുക്കിയത്.

ഹാജര്‍ വച്ച ശേഷം ജീവനക്കാര്‍ വട്ടം കൂടിയിരുന്ന് അത്തപ്പൂക്കളമിടുന്ന കാഴ്ചയൊക്കെ സെക്രട്ടേറിയറ്റില്‍ ഇപ്പോള്‍ പഴങ്കഥയാണ്. ചിലര്‍ ഇന്നലെ ഓഫിസ് സമയം കഴിഞ്ഞ് പൂക്കളമൊരുക്കാൻ ഇരുന്നു. മറ്റു ചിലര്‍ പതിവിൽ നിന്ന് വ്യത്യസ്തമായി പുലര്‍ച്ചെ സെക്രട്ടറിയറ്റിലെത്തി. ഓഫിസ് സമയം തുടങ്ങും മുമ്പേ ഭരണ-പ്രതിപക്ഷ സംഘാടനകളിലെ പ്രവർത്തകർ പൂക്കളമിട്ടു. അത്തപ്പൂക്കള മല്‍സരത്തിൽ ജോലി സമയം നഷ്ടപ്പെടുത്താതിരിക്കാനും മല്‍സരമായിരുന്നു ജീവനക്കാര്‍ക്കിടയില്‍. ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധ പൂക്കളമൊരുക്കിയ സെക്രട്ടറിയറ്റ് ജീവനക്കാരാണ് ഇത്തവണ മുഖ്യമന്ത്രിയുടെ വാക്കിന് വിലകല്‍പിച്ചത്. ഓണം കലാപരിപാടികള്‍ ഈ മാസം അവസാനമാണ്. അതാവട്ടെ ഉച്ചയൂണിന്റെ ഇടവേളയിലാണ് നടത്തുക. കഴിഞ്ഞ ദിവസം ജീവനക്കാര്‍ ഒരുക്കിയ സദ്യയുണ്ണാൻ മുഖ്യമന്ത്രിയും എത്തിയിരുന്നു.