കര്‍ണാടക സംസ്ഥാനത്തിന്‍റെ 23-ാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ അധികാരമെറ്റതിന് ശേഷമാണ് ഈ നടപടി. 

ബംഗളൂരു: കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടിനുളള സുരക്ഷ പിന്‍വലിച്ച് യെദ്യൂരപ്പ സര്‍ക്കാര്‍ . കര്‍ണാടക സംസ്ഥാനത്തിന്‍റെ 23-ാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ അധികാരമേറ്റതിന് ശേഷമാണ് ഈ നടപടി. അതേസമയം, കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തുടരുന്നു 

 ബിഡദിയിലെ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചത്. 118 എംഎല്‍എമാരാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നിന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും അനിശ്ചിത്വത്തിനൊടുവില്‍ ഒരു സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. കര്‍ണാടക രാജ്ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വജുഭായി വാലയാണ് യെദ്യൂരപ്പയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. 

അര്‍ധരാത്രിയില്‍ സുപ്രീംകോടതി തുറന്ന് നടത്തിയ മാരത്തണ്‍ വാദത്തിനൊടുവിലാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. രാത്രി പതിനൊന്ന് മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടതിന് പിന്നാലെയാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗബെഞ്ചിനെ കോണ്‍ഗ്രസിന്‍റെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയത്.

കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്വി കോണ്‍ഗ്രസിന് വേണ്ടി വാദിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ബിജെപിയ്ക്ക് വേണ്ടിയും അര്‍ധരാത്രിയില്‍ കോടതിയിലെത്തി.മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാനോ ഗവര്‍ണറുടെ നടപടി റദ്ദാക്കാനോ തയ്യാറാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി നടപടികള്‍ അടുത്ത ദിവസത്തേയ്ക്ക് മാറ്റിവച്ചത്.