Asianet News MalayalamAsianet News Malayalam

മൂന്നാര്‍-പള്ളിവാസല്‍ പവര്‍ ഹൗസ്: സുരക്ഷാ മേഖലകളില്‍ വന്‍ സുരക്ഷാ വീഴ്ച

  • മൂന്നാര്‍-പള്ളിവാസല്‍ പവര്‍ ഹൗസിന്‍റെ അതീവ സുരക്ഷാ മേഖലകളില്‍ വന്‍ സുരക്ഷാ വീഴ്ച
  •  അതീവ സുരക്ഷാ മേഖലകള്‍ വിനോദ സഞ്ചാരികള്‍ക്കുള്ള ഫോട്ടോ പോയിന്‍റ്  ആയി മാറുന്നു​
security fall in munnar pallivasal power house

ഇടുക്കി: മൂന്നാര്‍-പള്ളിവാസല്‍ പവര്‍ ഹൗസിന്‍റെ അതീവ സുരക്ഷാ മേഖലകളില്‍ വന്‍ സുരക്ഷാ വീഴ്ച. പവര്‍ ഹൗസിലേക്കുള്ള പൈപ്പ് ലൈന്‍റെ  വാല്‍വ് ഹൗസ് കെട്ടിടം ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍  ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്കുള്ള 'ഫോട്ടോ പോയിന്‍റ് ' ആയി മാറിക്കഴിഞ്ഞു.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ നിന്നും 500  അടി മുകളിലായി മലമുകളിലാണ് വാല്‍വ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഓപ്പറേറ്റര്‍മാര്‍ ഒഴികെ കെഎസ്ഇബിയിലെ തന്നെ ഉദ്യോഗസ്ഥന്മാര്‍ക്ക് പോലും പ്രവേശനാനുമതി ഇല്ലാത്ത കെട്ടിടത്തിലാണ് വിനോദ സഞ്ചാരികള്‍ യഥേഷ്ടം കയറി ഇറങ്ങുന്നത്. ഇവിടെ എത്തുന്നവരില്‍ കൂടുതലും വാല്‍വ് ഹൗസിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ എത്തുന്ന വിനോദ സഞ്ചാരികളാണ്. പവര്‍ ഹൗസിലേക്ക് വെള്ളം നിയന്ത്രിക്കുന്ന വാല്‍വുകള്‍ക്ക് സമീപത്ത് കൂടിയാണ് കുട്ടികള്‍ ഉള്‍പ്പെടയുള്ളവര്‍ ഫോട്ടോ എടുക്കാനായി കെട്ടിടത്തിന് മുകളില്‍ കയറുന്നത്.  

ഇതിന് പുറമെ വാല്‍വ് ഹൗസിന് സമീപം എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി ജലം നിറക്കുന്നതിനു  നിര്‍മ്മിച്ച 20 മീറ്റര്‍ വ്യാസവും 300 അടിയോളം താഴ്ചയുള്ള കൂറ്റന്‍ ടാങ്കുമുണ്ട്.  തുറന്ന്  കിടക്കുന്ന ടാങ്കിന്‍റെ മുകളിലും സഞ്ചാരികള്‍ കയറുന്നത് അപകട സാധ്യത കൂട്ടുന്നു. സുരക്ഷാ  മേഖലയായതിനാല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെ കെഎസ്ഇബി ഈ കെട്ടിടത്തില്‍ നിയമിച്ചിട്ടുണ്ട്. എന്നാല്‍ പല സമയങ്ങളിലും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടാകാറില്ല. 

പാലിയവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഭൂഗര്‍ഭ തുരങ്കത്തിന്‍റെ പ്രവേശന കവാടത്തിലെയും  സ്ഥിതി വ്യത്യസ്ഥമല്ല. മൂന്നാര്‍ മേഘലയില്‍ പ്രവര്‍ത്തിക്കുന്ന സാഹസിക ജീപ്പ് യാത്രകള്‍ തങ്ങളുടെ യാത്രക്കാരെ ആവേശപ്പെടുത്താന്‍ തിരഞ്ഞെടുക്കുന്നത് ഈ തുരങ്കത്തിലൂടെയുള്ള യാത്രയാണ്. ഇത്തരമൊരു യാത്രക്കിടെ  ജീപ്പ് തകരാറിലാകുകയും യാത്രക്കാര്‍ തുരങ്കത്തില്‍ അകപ്പെടുകയും ചെയ്തിരുന്നു. മൂന്നാര്‍ പോലീസ് സ്ഥലത്തെത്തി ജീപ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും കെഎസ്ഇബി അധികൃതര്‍ പരാതി നല്‍കാത്തതിനാല്‍ ഉടമയ്‌ക്കെതിരെ കേസ് എടുത്തിരുന്നില്ല. ഈ മേഖലയിലേ റോഡ് പൂര്‍ണ്ണമായും കെഎസ്ഇബിയുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ പരിസരത്ത് സ്വകാര്യ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ റോഡ് നിയന്ത്രണമില്ലാതെ തുറന്ന് കൊടുത്തതാണ് സുരക്ഷാ വീഴ്ചക്ക് പ്രധാന കാരണം 

Follow Us:
Download App:
  • android
  • ios