മുംബൈ: ഭീകരാക്രമണങ്ങളെ നേരിടാനുള്ള പ്രത്യേക സേനയ്ക്ക് നല്‍കുന്ന ജാക്കറ്റിന് എകെ 47 നിന്നുള്ള ബുള്ളറ്റുകള്‍ ചെറുക്കാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ കാൺപുരിലെ കമ്പനി നിർമിച്ചു നൽകിയ 1430 ജാക്കറ്റുകളെ തുളച്ചു കൊണ്ടാണ് എകെ47 വെടിയുണ്ടകൾ കടന്നു പോയത്. ഫൊറൻസിക് പരിശോധന വിജയകരമായി പൂർത്തിയാക്കാത്ത ജാക്കറ്റുകളെല്ലാം പൊലീസ് തിരിച്ചയച്ചു. പുതിയ ജാക്കറ്റുകൾ നിർമിച്ചു നൽകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവയും പരിശോധിച്ചതിനു ശേഷം മാത്രമേ കരാർ തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും എഡിജിപി വി.വി.ലക്ഷ്മിനാരായണ പറഞ്ഞു.

കേന്ദ്ര സേനയ്ക്കും ജാക്കറ്റുകൾ നിർമിച്ചു നൽകുന്ന കമ്പനിയുടെ ഉൽപന്നങ്ങളിലാണ് പരിശോധനയിൽ സുരക്ഷാവീഴ്ചയുണ്ടെന്നു തെളിഞ്ഞത്. 5000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്കാണ് പൊലീസ് ഓർഡർ നൽകിയത്. പതിനേഴ് കോടിയിലധികം തുകയാണ് ഇവയ്ക്കായി ചെലവിട്ടത്. മൂന്നു വ്യത്യസ്ത ബാച്ചുകളില്‍ നിന്നുള്ള ജാക്കറ്റുകളില്‍ നടത്തിയ പരിശോധനകളിലാണ് വന്‍സുരക്ഷാ വീഴ്ച കണ്ടെത്തിയത്. ചണ്ഡിഗഢ് ആസ്ഥാനമായുള്ള കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറിയിലായിരുന്നു സുരക്ഷാ പരിശോധന. മഹാരാഷ്ട്രയിൽ മാവോയിസ്റ്റുകളെ നേരിടാനുള്ള പൊലീസ് സേനയ്ക്കും മുംബൈ പൊലീസിലെ ധ്രുത കർമ സേനയ്ക്കും ഭീകരാക്രമണം നേരിടാനായി രൂപീകരിച്ച സ്പെഷൽ കമാൻഡോ വിഭാഗമായ ഫോഴ്സ് വണ്ണിനും വേണ്ടിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങിയത്. 

2008 നവംബറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണ സമയത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്‍ സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടിരുന്നു. അന്ന് വീരമൃത്യ വരിച്ച ഭീകര വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗുണമേന്മയുള്ള കവചങ്ങള്‍ നിര്‍മിച്ച് നല്‍കാനുള്ള കരാര്‍ പല കമ്പനികളും ഏറ്റെടുത്തിരുന്നില്ല. എന്നാല്‍ വെല്ലുവിളി ഏറ്റെടുത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിര്‍മിച്ച കാണ്‍പൂരിലെ കമ്പനിയുടെ ഭാഗത്ത് നിന്നാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായത്.