
മലബാറിലെ ഏതാനും സ്വാശ്രയ കോളേജുകളിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താസംഘം അന്വേഷണം നടത്തിയത്. മുമ്പ് പ്രഖ്യാപിച്ചതനുസരിച്ച് അഡ്മിഷന്‍ തീരുന്ന അവസാന തീയ്യതിയായതിനാല്‍ വലിയ തിരക്കാണ് ഇന്നലെ കോളേജുകളില്‍ കണ്ടത്. ഒട്ടുമിക്കയിടത്തും മാനേജ്മന്‍റ് സീറ്റുകളിലെ അഡ്മിഷന്‍ പൂര്‍ത്തിയായെന്നും ഏതാനും എന്‍.ആര്‍.ഐ സീറ്റുകല്‍ മാത്രം അവശേഷിക്കുന്നുവെന്ന സമ്മര്‍ദ്ദതന്ത്രം പയറ്റിയാണ് രക്ഷിതാക്കളെ പിഴിയുന്നത്. പ്രതിവര്‍ഷം 15ലക്ഷം ആണ് ഫീസെന്നും ഇതിനു പുറമേ 15 ലക്ഷം കോഷന്‍ ഡെപ്പോസിറ്റും ഇതിന് പുറമെ ബാങ്ക് ഗ്യാരന്റിയുമെന്നാണ് ഒരു കോളേജില്‍ നിന്ന് കിട്ടിയ മറുപടി.
എന്നാല്‍ മാനേജ്മെന്‍റുകള്‍ ആവശ്യപ്പെടുന്ന തുക ഇതിലും അധികമാണെന്ന് നേരിട്ട് തന്നെ ഞങ്ങള്‍ക്ക് ബോധ്യമായി. എന്‍.ആര്‍.ഐ സീറ്റില്‍ ഒരു പ്രമുഖ കോളേജില്‍ നല്‍കിയത് 85 ലക്ഷം രൂപയാണെന്ന് ഒരു രക്ഷിതാവ് വെളിപ്പെടുത്തി. കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടത് 90 ലക്ഷം രൂപയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യം 90 ചോദിച്ചു ഒടുവില്‍ വിലപേശി അത് 85 ലക്ഷമാക്കിയെന്നും സീറ്റുണ്ടോയെന്ന് ചോദിച്ചാല്‍ എന്‍.ആര്‍.ഐ സീറ്റ് മാത്രമേ ബാക്കിയുള്ളൂവെന്നേ കോളേജ് അധികൃതര്‍ പറയൂവെന്നും രക്ഷിതാവ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് വെളിപ്പെടുത്തി. ചോദിക്കുന്ന ലക്ഷങ്ങള്‍ കൊടുക്കാന്‍ പണമില്ലാതെ കോളേജുകളില്‍ നിന്ന് അഡ്മിഷനെടുക്കാതെ മടങ്ങേണ്ടി വന്നവരും നിരവധിയാണ്
കോളേജില്‍ നിന്ന് വിളിച്ചപ്പോള്‍ 1 ലക്ഷം രൂപയേ ക്യാപിറ്റേഷന്‍ ഫീസ് ഉള്ളൂവെന്നും മറ്റ് കാര്യങ്ങള്‍ ഒന്നുമില്ലെന്നും വന്ന് പ്രവേശനം നേടാനാണ് പറഞ്ഞതെന്ന് കൊല്ലം സ്വദേശിയായ ഒരു രക്ഷിതാവ് പറഞ്ഞു. കൊല്ലത്ത് നിന്നാണ് വരുന്നതെന്നും അവിടെയെത്തുമ്പോള്‍ മറ്റൊന്നും പറയരുതെന്നും രക്ഷിതാവ് കോളേജ് അധികൃതരോട് പറഞ്ഞു. കോളേജിലെത്തിയപ്പോള്‍ ക്യാപിറ്റേഷന്‍ ഫീസായി 25 ലക്ഷം വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കോളേജിലെത്തിയാല്‍ ആളുകള്‍ 15ഉം 20ലക്ഷം രൂപയുമായി പ്രവേശനം കാത്തിരിക്കുന്നത് കാണാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രവേശനം തരപ്പെടുത്തിക്കൊടുക്കുന്ന ഏജന്റുമാരും നല്ല തിരക്കിലാണിപ്പോള്‍. കോഴിക്കോട് ജില്ലയില്‍ സീറ്റ് കച്ചവടത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കേരളാ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനേയും ഒരു സീറ്റ് തരപ്പെടുത്തുമോയെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് വാര്‍ത്താസംഘം ബന്ധപ്പെട്ടു. കൈയ്യില്‍ രണ്ട് മൂന്ന് സീറ്റും പത്തിരുപത് പേരുമുണ്ടെന്നായിരുന്നു അവിടെ നിന്ന് ലഭിച്ച പ്രതികരണം. എന്‍.ആര്‍.ഐ സീറ്റിന് 90 ലക്ഷമാണ് ചോദിക്കുന്നത്. അതും ഒറ്റയടിക്ക് നല്‍കണം. ഇത് നല്‍കിയാല്‍ ഇപ്പോള്‍ അഡ്മിഷന്‍ എടുത്ത് തരാമെന്നും ഇയാള്‍ ഉറപ്പുപറയുന്നു.
കോളേജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരേണ്ട സാഹചര്യമുള്ളതിനാലാണ് പേരുവിവരങ്ങള്‍ ഇവിടെ വെളിപ്പെടുത്താത്തത്. ഈ നിയമലംഘനങ്ങള്‍, തെളിവുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുന്നു.
