എഞ്ചിനീയറിങ് കോഴ്സിന് ചേരാൻ ആളില്ല. ഈ വര്‍ഷത്തെ മൂന്ന് ആലോട്ട്മെന്റുകള്‍ കഴിഞ്ഞപ്പോള്‍ 25,000ഓളം സീറ്റുകളാണ് ഈ വര്‍ഷം ഇതുവരെ ഒഴിഞ്ഞു കിടക്കുന്നത്. വന്‍തുകയുടെ ഫീസ് കിഴിവ് വാഗ്ദാനം ചെയ്ത് ആളെ പിടിക്കാൻ നെട്ടോട്ടമോടുകയാണ് കോളജുകള്‍.
പ്ലസ് ടു കഴിഞ്ഞാലൊരു ബി-ടെക് സീറ്റ്, ഒരു കാലത്ത് വിദ്യാർത്ഥികളുടെ സ്വപ്നമായിരുന്നു. എന്നാല്‍ ഇന്ന് കോളേജിന് മുന്നിലൂടെ പോയാൽ പിടിച്ചിരുത്തി അഡ്മിഷൻ നൽകുന്ന അവസ്ഥയാണ്. പഠിക്കാന്‍ ആളില്ലാത്ത 25,000 സീറ്റിൽ 17,512 എണ്ണവും സ്വകാര്യ സ്വാശ്രയ കോളജുകളിലാണ്. ഈ സീറ്റുകളിൽ ആളെ പിടിച്ചിരുത്താൻ കോളജുകള്‍ വമ്പന്‍ ഓഫറുകള്‍. കടക്കൽ എസ്.എച്ച്.എം എഞ്ചനീയറിങ് കോളജില്‍ മാനേജ്മെന്‍റ് ക്വാട്ടയിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് 99,000 രൂപയാണ്. എന്നാല്‍ ഫീസ് 50,000 ആക്കി കുറക്കാമെന്നാണ് കോളജിന്റെ വാഗ്ദാനം.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ അഡ്മിഷന്‍ വേണമെന്ന ആവശ്യവുമായി ചെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറോട്, നമ്മൾ ഓഫർ ചെയ്യുന്നത് 50,000 ആണെന്നായിരുന്നു മാനേജ്മെന്റ് പ്രതിനിധി അറിയിച്ചത്. രണ്ട് ഇൻസ്റ്റാൾമെന്റായി 25,000 വീതം അടച്ചാല്‍ മതിയത്രെ. വില പേശിയാൽ ഇനിയും ഫീസ് കുറയുമെന്ന അവസ്ഥയാണ്. അല്‍പം കൂടി സംസാരിച്ചപ്പോള്‍ 50,000 ഒറ്റയടിക്ക് 40.000 രൂപയായി കുറഞ്ഞു. പ്രർഷം രണ്ട് തവണയായി 20,000 അടച്ചാല്‍ മതി. മറ്റ് കോളജുകളിൽ കൂടി അന്വേഷിച്ചിട്ട് പറയാമെന്ന് അറിയിച്ചപ്പോള്‍, സെമസ്റ്റർ ഫീസ് 15,000 രൂപ ആക്കാമെന്നായി വാഗ്ദാനം.
സ്പോട്ട് അഡ്മിഷൻ വഴി ഒഴിവു നികത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന തിരുവല്ലം എം.ജി കോളജിലായിരുന്നു അടുത്ത അന്വേഷണം. ഇവിടെ ഫീസിൽ വിളി തുടങ്ങുന്നത് 50,000ലാണെങ്കിലും കുറയുമോ എന്ന് ചോദിച്ചാൽ മതി അത് നേര്‍ പകുതിയാക്കിത്തരും. സ്വാശ്രയ ചന്തയിലെ ലേലം വിളിയിൽ എത്ര വേണമെങ്കിലും ഫീസ് കുറക്കാൻ മാനേജ്മെന്റുകൾ തയ്യാറാണ്. വിദ്യാർത്ഥികളോടുള്ള താല്പര്യമല്ല, മറിച്ച് കോളേജിന് താഴ് വീഴാതിരിക്കാനുള്ള വിട്ടുവീഴ്ചയാണിത്. ഇത്തവണ 25 സ്വാശ്രയ കോളേജിൽ 30 ശതമാനത്തിനും താഴെയാണ് പ്രവേശനം നടന്നത്. വെറും അഞ്ച് ശതമാനം സീറ്റുകളിൽ മാത്രം പ്രവേശനം നടന്ന കോളേജുകളുമുണ്ട്.
