അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ  മകളെയും പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം അറസ്റ്റില്‍. അഷു മഹാരാജ് എന്നറിയപ്പെടുന്ന ആസിഫ് ഖാനാണ് അറസ്റ്റിലായത്. 

ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അമ്മയെയും പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം അറസ്റ്റില്‍. അഷു മഹാരാജ് എന്നറിയപ്പെടുന്ന ആസിഫ് ഖാനാണ് അറസ്റ്റിലായത്. 

2008 മുതല്‍ 2013വരെ തന്നെയും മകളെയും ഇയാള്‍ പീഡിപ്പിച്ചതായി ദില്ലി സ്വദേശിനി പൊലീസിന് പരാതി നൽകി. അഷു മഹാരാജിന്റെ മകന്‍ സമര്‍ ഖാനും കൂട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായും പരാതിയുണ്ട്. ഇയാളെ ക്രൈംബ്രാഞ്ച് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. അഷു മഹാരാജിന്റെ ദില്ലിയിലെ ആശ്രമത്തില്‍വച്ച് നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

അഷു മഹാരാജിനേയും മകനെയും ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഇവര്‍ക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച്ചയാണ് മഹാരാജിനെതിരെ ഉള്ള കേസ് പൊലീസില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.