ചേംബറില്‍ വച്ച് അഭിഭാഷകയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ അഭിഭാഷകന്‍ പോലീസ് പിടിയില്‍

ദില്ലി: നിര്‍ഭകേസ് വിചാരണ നടന്ന സാകേത് കോടതി കോംപ്ലക്‌സിലെ തന്റെ ചേംബറില്‍ വച്ച് അഭിഭാഷകയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ അഭിഭാഷകന്‍ പോലീസ് പിടിയില്‍. അഭിഭാഷകന്‍ തന്നെ ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്ന് അഭിഭാഷക മൊഴി നല്‍കിയതായി പോലീസ് പറയുന്നു.

നിര്‍ഭയ കേസില്‍ കേസില്‍ വിചാരണക്കോടതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ച് ഏതാനും ദിവസങ്ങള്‍ക്കുളളിലാണ് അഭിഭാഷക ഈ കോടതി കോംപ്ലക്‌സിലെ അഭിഭാഷക ചേംബറില്‍ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നത്.

ജൂലൈ 14ന് രാത്രിയാണ് അഭിഭാഷക തന്നെ സീനിയര്‍ അഭിഭാഷകന്‍ ലൈംഗികമായി ആക്രമിച്ച വിവരം പൊലീസില്‍ അറിയിച്ചതെന്ന് ഡി. സി. പി. പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന നടത്തിയതായും അദ്ദേഹം അറിയിച്ചു.

ലൈംഗികാക്രമണം നടന്ന ചേംബര്‍ സീല്‍ ചെയ്യുകയും ഫോറന്‍സിക് ടീമും ക്രൈം ടീമും പരിശോധന നടത്തി. സൗത്ത് ദില്ലിയിലെ സംഗം വിഹാറില്‍ നിന്നും അന്‍പതുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നീട് സാകേത് കോടതിയില്‍ ഹാജരാക്കി.