ലണ്ടന്‍: ഔദ്ദ്യോഗിക സന്ദര്‍ശനത്തിന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയൊപ്പം ലണ്ടനിലെത്തിയ മുതിര്‍ന്ന ബംഗാളി മാധ്യമ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ നിന്ന് ഫോര്‍ക്കും നൈഫും മോഷ്‌ടിച്ചെന്ന് ആരോപണം. ആഡംബര ഹോട്ടലില്‍ നടന്ന വിരുന്നിനിടെ തീന്‍മേശയിലുണ്ടായിരുന്ന വെള്ളിയില്‍ തീര്‍ത്ത ഫോര്‍ക്കും നൈഫുമാണ് മോഷ്‌ടിച്ചതെന്ന് ഔട്ട്‍ലുക്ക് റിപ്പോര്‍ട്ട് ചെയ്തു.

സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളിലെയും മാധ്യമ പ്രവര്‍ത്തകരും വ്യവസായികളുമൊക്കെ പങ്കെടുത്ത വിരുന്നിടെയായിരുന്നു സംഭവം. ഭക്ഷണത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ഫോര്‍ക്കും നൈഫും എടുത്ത് തങ്ങളുടെ ബാഗുകളില്‍ വെയ്‌ക്കുന്നത് സി.സി.ടി.വി ക്യാമറകളിലൂടെ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടു. എന്നാല്‍ മമതാ ബാനര്‍ജിയെയും മറ്റ് വിശിഷ്‌ടാതിഥികളെയും അപമാനിക്കേണ്ടെന്ന് കരുതി ഉടനെ അവര്‍ പ്രതികരിച്ചില്ല. വിരുന്നിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ സമീപിച്ച് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍, എടുത്ത സാധനങ്ങള്‍ തിരിച്ചുവെയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇളിഭ്യരായ ഇവര്‍ എല്ലാവരും സാധനങ്ങള്‍ തിരികെ മേശപ്പുറത്ത് വെച്ചു. കൂട്ടിലൊരാള്‍ താന്‍ ഒന്നും എടുത്തില്ലെന്ന ഭാവത്തില്‍ ഉദ്ദ്യോഗസ്ഥരോട് കയര്‍ത്തു. തന്നെ പരിശോധിക്കാന്‍ അദ്ദേഹം ഹോട്ടല്‍ ജീവനക്കാരെ വെല്ലുവിളിക്കുകയും ചെയ്തു. ഇയാള്‍ ഫോര്‍ക്കും നൈഫും മോഷ്‌ടിക്കുന്നതും, പിന്നീട് ജീവനക്കാര്‍ ഇത് കണ്ടുപിടിച്ചെന്ന് മനസിലായപ്പോള്‍ മറ്റൊരാളുടെ ബാഗില്‍ നിക്ഷേപിക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

എടുത്ത സാധനങ്ങള്‍ തിരികെ തന്നില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്ന് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയപ്പോഴാണ് ഇദ്ദേഹം കുറ്റം സമ്മതിക്കുകയും ഇവ തിരികെ നല്‍കുകയും ചെയ്തത്. പിഴയായി ഇയാളില്‍ നിന്ന് 50 പൗണ്ടും ഈടാക്കി. മമതാ ബാനര്‍ജിയുടെ വിദേശ സന്ദര്‍ശനങ്ങളില്‍ പതിവായി അവരെ അനുഗമിക്കുന്ന മുതിര്‍ന്ന ബംഗാളി മാധ്യമപ്രവര്‍ത്തകനാണിതെന്ന് ഔട്ട്‍ലുക്ക് വാര്‍ത്തയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ അവര്‍ക്കൊപ്പം പോകാനായി അതത് മാധ്യമസ്ഥാപനങ്ങള്‍ തെരഞ്ഞെടുത്ത് അയച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായിരുന്നു മാറ്റുള്ളവരും. എന്നാല്‍ കളവ് പിടിക്കപ്പെട്ടിട്ടും ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ ഉറച്ചുനിന്ന മാധ്യമ പ്രവര്‍ത്തകന്‍ പോകുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ നിന്നെല്ലാം സാധനങ്ങള്‍ മോഷ്‌ടിക്കാറുണ്ടെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നുണ്ട്. ഇദ്ദേഹം ഫോര്‍ക്കും നൈഫും എടുത്ത് ബാഗിലിടുന്നത് കണ്ടാണ് തങ്ങളും എടുത്തതെന്നായിരുന്നത്രെ മറ്റുള്ളവരുടെ പ്രതികരണം.

മാധ്യമ പ്രവര്‍ത്തകരുടെ ആരുടെയും പേരുകളോ അവരുടെ സ്ഥാപനങ്ങളുടെ പേരുകളോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഔട്ട്‍ലുക്ക് പുറത്തുവിട്ടിട്ടില്ല. രാജ്യത്തിന് തന്നെ അപമാനമായ വാര്‍ത്ത പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പരിഹാസവും പ്രതിഷേധവുമാണ് അരങ്ങേറുന്നത്.