ഉദാനിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാണാതായ ദിവസം നഗരത്തിലെ വിക്രോളിയിലൂടെ യാത്ര ചെയ്തതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. കൂടാതെ, നഗരത്തിലെ നിശാ ക്ലബ്ബുകളിലെ ബാർ ഡാൻസർ വനിതകളുമായി വഴിവിട്ടുള്ള ചില ബന്ധങ്ങളെ കുറിച്ചും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു

മുംബെെ: മുംബൈയിൽ വജ്രവ്യാപാരി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സീരിയൽ നടി കസ്റ്റഡിയിൽ. ഹിന്ദി മറാത്തി സീരിയിലുകളുടെ പ്രശസ്തയായ ദേവൂലീനാ ഭട്ടാചാര്യയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി പൊലീസ് ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസമാണ് നവി മുംബൈയിലെ പൻവേലിനു സമീപം വജ്രവ്യാപാരിയായ രാജേശ്വരി കിഷോരിലാൽ ഉദാനിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതേത്തുടർന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉദാനിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാണാതായ ദിവസം നഗരത്തിലെ വിക്രോളിയിലൂടെ യാത്ര ചെയ്തതിന്റെ തെളിവുകൾ ലഭിച്ചിരുന്നു.

കൂടാതെ, നഗരത്തിലെ നിശാ ക്ലബ്ബുകളിലെ ബാർ ഡാൻസർ വനിതകളുമായി വഴിവിട്ടുള്ള ചില ബന്ധങ്ങളെ കുറിച്ചും പൊലീസിന് തെളിവുകള്‍ ലഭിച്ചിരുന്നു. കസ്റ്റഡിയിലായ നടിയുമായി ഇയാൾ കഴിഞ്ഞ കുറെ നാളുകളായി ബന്ധം പുലർത്തിയിരുന്നു.

ഇവരുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടിയെ കസ്റ്റഡിയിൽ എടുത്തത്. കാണാതായ ദിവസം ഇരുവരും ഒന്നിച്ച് യാത്ര ചെയ്തതിന്റെ തെളിവുകളും പൊലീസ് ലഭിച്ചിട്ടുണ്ട്. എന്നാൽ, കൊലപതാകവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ പൊലീസ് ഇതുവരെ സ്ഥീരീകരണം നൽകിയിട്ടില്ല.