കൊച്ചി: സിറോ മലബാർ സഭയിലെ വിവാദമായ ഭൂമിയിടപാടിൽ ഏഴു വിധത്തിലുളള പിഴവുകൾ സംഭവിച്ചെന്ന് എറണാകുളം - അങ്കമാലി അതിരൂപതയുടെ വിലയിരുത്തൽ.മുഴുവൻ പണവും കിട്ടുംമുന്പേതന്നെ കൊച്ചിയിലെ കോടികൾ വിലമതിക്കുന്ന ഭൂമി തുണ്ടുതുണ്ടായി മുറിച്ചുവിറ്റത് അതിരൂപതയിലെ ഉത്തരവാദിത്തപ്പെട്ടവർ പോലും അറിയാതെയാണ്.

കർദിനാൾ അടക്കമുളളവർക്കെതിരെ ആറംഗ കമ്മീഷന്‍റെ അന്വേഷണം തുടുരമ്പോഴും തങ്ങൾക്ക് സംഭവിച്ച പിടിപ്പുകേട് സംബന്ധിച്ച് എത്തിച്ചേർന്നിരിക്കുന്ന നിഗമനങ്ങൾ ഇവയാണ്.

1. അങ്കമാലി മറ്റൂരിൽ മെഡിക്കൽ കോളജിനായി സ്ഥലം വാങ്ങുന്നതിന് 60 കോടി രൂപ ബാങ്ക് ലോൺ എടുത്തത് ദീർഘവീക്ഷണമില്ലാത്ത നടപടിയായിപ്പോയി. വാർഷിക വരുമാനത്തിൽ മിച്ചവരുമാനം അധികമില്ലാത്ത അതിരൂപതയെ കടക്കെണിയിലേക്ക് ഇത് തളളിയിട്ടു

2. അതിരൂപതയുമായുളള കരാർ ലംഘിച്ച് കൊച്ചി നഗരത്തിൽ അ‌ഞ്ചിടങ്ങളിലായുളള ഭൂമി 36 പേർക്ക് തുണ്ടുതുണ്ടായി മുറിച്ചുവിറ്റത് സഭാ തീരുമാനത്തിന് വിരുദ്ധമാണ്. കാനോനിക സമിതികളോ സഹായ മെത്രാൻമാരോ ഇക്കാര്യമറിഞ്ഞില്ല. 36 ആധാരങ്ങളിലും ഒപ്പിട്ട കർദിനാൾ ജോർജ് ആലഞ്ചേരി കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നു

3. 27 കോടി രൂപയുടെ ഭൂമി വിറ്റതിന് 9 കോടി രൂപ മാത്രമാണ് അതിരൂപതക്ക് കിട്ടിയത്. മുഴുവൻ പണവും കിട്ടാതെ ഭൂമികളെല്ലാം ആധാരം ചെയ്ത് കൊടുത്തത് എന്തിനെന്ന് അന്വേഷിക്കേണ്ടതാണ്. ഇക്കാര്യത്തിൽ വലിയ വീഴ്ചയുണ്ടായി. 18 കോടി കിട്ടാതെ വന്നതോടെ കടം വീട്ടാനുളള പദ്ധതികളെല്ലാം പൊളിഞ്ഞു

4. സഭാ സമിതികളിൽ ആലോചനക്ക് വരുന്നതിന് മുന്പേതന്നെ വിൽക്കാനുളള ചില ഭൂമികൾക്ക് അഡ്വാൻസ് വാങ്ങിയതും വീഴ്ചയാണ്. ഓദ്യോഗിക തീരുമാനമാകും മുന്പേതന്നെ ഭൂമി വിൽക്കാൻ ആരൊക്കെയോ തീരുമാനിച്ചെന്ന് വ്യക്ത

5. കിട്ടാനുളള 18 കോടിക്ക് പകരമായി കോടികൾ പിന്നെയും ബാങ്ക് ലോണെടുത്ത് കോട്ടപ്പടിയിലും മൂന്നാറിലും 42 ഏക്കർ ഭൂമി വാങ്ങിയത് അതിരൂപത അറിഞ്ഞിട്ടില്ല. കാനോനിക സമിതികളുടെ അനുവാദവും വാങ്ങിയിട്ടില്ല

6. കോട്ടപ്പടിയിലും മൂന്നാറിലും ഭൂമി വാങ്ങുന്നതിനായി പത്തുകോടി പിന്നെയും ലോണെടുത്ത് സഭ അറിഞ്ഞിട്ടില്ല. അതിരൂപതാ സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫീസായ aico വഴി ലോണെടുത്തത്അതിരൂപതയിലെ ഉത്തരവാദിത്വപ്പെട്ടവരൊന്നും അറിഞ്ഞല്ല

7. സഭാ- കാനോനിക സമിതികളുടെ അനുവാദവും അന്വേഷണവും മേലിൽ അതിരൂപതക്കായി യാതൊരു ഭൂമിയും വാങ്ങരുതെന്ന മുൻ നിർദേശവും ലംഘിക്കപ്പെട്ടു

ഉത്തരവാദികളായാലും അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നാണ് അതിരൂപത ആവർത്തിക്കുന്നത്.