തിരുവനന്തപുരം: തലസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ വിഷ്ണു, ഗിരീഷ്, ബിനുകുമാര്‍, വിനോദ് കുമാര്‍, കിരണ്‍, അഭിജിത്ത്, രാജ് എന്നിവരാണ് അറസ്റ്റിലായത്. തമ്പാനൂര്‍ പൊലിസ് സ്റ്റേഷനിലാണ് ഇപ്പോള്‍ ഇവരുള്ളത്. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന കല്ലേറിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ബിജെപി പ്രകടനം കടന്നുപോയതിന് പിന്നാലെയായിരുന്നു അക്രമം നടന്നത്. 

ആക്രമങ്ങള്‍ തുടരുന്ന കരിക്കകത്ത് സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം സിപിഎം ഓഫീസിനും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെയുള്ള അക്രമത്തിന് ശേഷം ഞായറാഴ്ചയും ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. ഇന്നലെ രാവിലെ കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാനും ശ്രമം നടന്നിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.