ബസ് പാഞ്ഞ് കയറി മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം ഏഴായി

ലക്നൗ: ഉത്തർപ്രദേശിലെ കനൗജിൽ ആഗ്ര ലഖ്നൗ എക്സ്പ്രസ്‍ വേയിലുണ്ടായ അപകടത്തിൽ മരിച്ച കുട്ടികളുടെ എണ്ണം ഏഴായി. ശാന്ത് കബിര്‍ നഗറില്‍നിന്ന് വിനോദയാത്രയ്ക്കായി ആഗ്രയിലേക്കുള്ള യാത്രയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. കനൗജ് ജില്ലയില്‍ വച്ച് ഡീസല്‍ തീര്‍ന്ന് പോയതോടെ കുട്ടികളെ എക്സ്പ്രസ് വേയില്‍ ഇറക്കി ഡീസല്‍ നിറയ്ക്കാന്‍ പോയതായിരുന്നു ബസ്. ബസ് കാത്തുനില്‍ക്കുന്നതിനിടെ പിന്നീലൂടെ എത്തിയ മറ്റൊരു ബസ് കുട്ടികളുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു.

ചിലര്‍ സംഭവസ്ഥലത്ത് വച്ചും ചിലര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലുമാണ് മരിച്ചത്. മൂന്നുകുട്ടികളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ ഉറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.