വ്യാജ പാസ്പോര്‍ട്ടില്‍ വിദേശത്തേക്ക് കടന്ന പ്രതി നാട്ടില്‍ തിരിച്ചെത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം: പള്ളിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എട്ടോളം മോഷണ കേസുകളിലെ ഒന്നാം പ്രതി കടയ്ക്കാവൂര്‍, പെരുംകുളം റംലാ മന്‍സിലില്‍ ആഷിഖിനെ (21)യാണ് തിരുവനന്തപുരം റൂറല്‍ ഷാഡോ പോലീസിന്റെ സഹായത്തോടെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസ്സുകളിലെ മറ്റ് പ്രതികളായ പെരുകുളം സ്വദേശി സല്‍മാനേയും, മണനാക്ക് സ്വദേശി ആസിഫിനേയും നേരത്തേ പിടികൂടിയിരുന്നു. 

ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. ആഷിഖിനെതിരെ കേരളാ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയില്‍ ആഷിഖ് നാട്ടില്‍ എത്തിയതായി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ പള്ളിക്കല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

വ്യാജരേഖകള്‍ പ്രകാരം നേടിയ പാസ്‌പോര്‍ട്ട് ആയതിനാല്‍ എയര്‍പോര്‍ട്ടിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കടമ്പാട്ടുകോണം മാര്‍ക്കറ്റിന് സമീപം പ്രതി ഉള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

മത്സ്യ കച്ചവടത്തിന് എന്ന വ്യാജേന പിക്ക് അപ്പ് ആട്ടോ റിക്ഷയില്‍ കറങ്ങി നടന്ന് മോഷണത്തിനുള്ള വീടുകള്‍ കണ്ട് വച്ച് രാത്രി കാലങ്ങളില്‍ പിക്ക് അപ്പ് ആട്ടോറിക്ഷയിലെത്തി ടെറസ്സിലും അകത്തും കടന്ന് റബ്ബര്‍ ഷീറ്റ് ഉള്‍പ്പെടെ ഉള്ളവ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ഇപ്രകാരം പള്ളിക്കല്‍ കൊക്കോട്ടുകോണം നിസാര്‍, സജി കെട്ടിടം മുക്കിലെ താഹിറാ ബീവി, സുലേഖ ഇളബ്ര കോട് ഹിലാല്‍, രജിലാകാട്ടു പുതുശ്ശേരിയിലെ ജമാല്‍ മുഹമ്മദ്, മുല്ലനല്ലൂര്‍ ലക്ഷമണന്‍ ചെട്ടിയാര്‍, എന്നിവരുടെ വീടുകളില്‍ മോഷണം നടത്തിയത് ആഷിഖിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

ഇപ്പോള്‍ അറസ്റ്റിലായ ഒന്നാം പ്രതിക്ക് നേരത്തേയും നിരവധി മോഷണക്കേസ്സുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആറ്റിങ്ങല്‍, കല്ലമ്പലം, കൊല്ലം നോര്‍ത്ത്, കൊല്ലം വെസ്റ്റ്, പുനലൂര്‍, അഞ്ചല്‍ പോലീസ് സ്റ്റേഷനുകളില്‍ കേസ്സുകള്‍ നിലവില്‍ ഉണ്ട്. 

ആറ്റിങ്ങല്‍ ഡിവൈഎസ്പി പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പള്ളിക്കല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എം. സലീം, സി.പി.ഒ മാരായ ജിഷി, അനീഷ്, ബിനു, ശ്രീരാജ് ഷാഡോ ടീമിലെ ഫിറോസ് ഖാന്‍, ബി .ദിലീപ് എന്നിവരാണ് പ്രതിയെ പിടി കൂടിയത്.