പുതിയ ഡയറക്ടറായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ഓഗസ്റ്റ് 1-ന് ചുമതലയേൽക്കും. എസ്.എ.സിയിൽ തന്നെ ആർ & ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. നിലവിലെ ഡയറക്ടർ സൗമ്യ സർക്കാർ ജൂലൈ 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
ദില്ലി: ഐഎസ്ആർഒയിൽ പ്രമുഖ പദവികളിൽ നേതൃമാറ്റങ്ങൾ തുടരുന്നു. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ പുതിയ ഡയറക്ടറായി ഡോ. സി. എച്ച്. വി. നരസിംഹ റാവു ഓഗസ്റ്റ് 1-ന് ചുമതലയേൽക്കും. നിലവിൽ എസ്.എ.സിയിൽ തന്നെ ആർ & ഡി വിഭാഗം അസോസിയേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. നിലവിലെ ഡയറക്ടർ സൗമ്യ സർക്കാർ ജൂലൈ 31-ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
ഇതോടൊപ്പം ബെംഗളൂരുവിലെ യു. ആർ. റാവു സാറ്റലൈറ്റ് സെന്റർ മേധാവി എം. ശങ്കരനും ഈ മാസം അവസാനം വിരമിക്കാനിരിക്കെ, ഐഎസ്ആർഒയുടെ പ്രമുഖ ഗവേഷണ കേന്ദ്രങ്ങളിൽ വലിയ തരത്തിലുള്ള തലമുറമാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്.
എന്നാൽ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയിൽ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ശാസ്ത്രജ്ഞരുടെ രാജി ഭരണപരമായ കാരണങ്ങളാൽ ആണെന്നും അല്ലാതെ വലിയ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്കിൽ വിവാദത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗഗൻയാൻ ഉൾപ്പെടെ പ്രധാന ദൗത്യങ്ങളിൽ പങ്കാളികളായ ശാസ്ത്രജ്ഞരടക്കം കഴിഞ്ഞ മാസങ്ങളിൽ ജോലിവിട്ടതോടെ ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് തടയാനായി ഐഎസ്ആർഒ പുതിയ മെമ്മോ പുറത്തിറക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.


