സഹപ്രവർത്തകയായ വനിതാ ഐ.പി.എസ് ട്രെയിനിയുടെ ലൈംഗികാതിക്രമ പരാതിക്ക് പിന്നാലെ, ഐ.പി.എസ് ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിയെ ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, താനും പരാതിക്കാരിയും പ്രണയത്തിലായിരുന്നുവെന്നും ആരോപണങ്ങൾ വ്യാജമാണെന്നും അവകാശപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈദരാബാദ്: ഹൈദരാബാദിലെ സർദാർ വല്ലഭ്ഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിലെ ഐ.പി.എസ് ട്രെയിനിയായ ഉദയ് കൃഷ്ണ റെഡ്ഡിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപ്രവർത്തകയായ വനിതാ ഐ.പി.എസ് ട്രെയിനിയുടെ പരാതിയിൽ പോലീസിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സംഭവം. ആത്മഹത്യാശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിലെത്തിയ ഉദയ് കൃഷ്ണ റെഡ്ഡിയെ പിന്നീട് ബോധരഹിതനായ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. തനിക്കെതിരെ നിരന്തരം ലൈംഗികാതിക്രമവും ഭീഷണിയും നടത്തിയെന്നാരോപിച്ച് മുപ്പതുകാരിയായ സഹപ്രവർത്തക ഉദയ് കൃഷ്‌ണയ്ക്കെതിരെ പോലീസിനെ സമീപിച്ചിരുന്നു. അനുവാദമില്ലാതെ സ്വകാര്യ വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പ്രതി തന്നെ നിരന്തരം പിന്തുടർന്നുവെന്നും വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ചെന്നും മറ്റൊരു ഐപിഎസ് ട്രൈനിയുമായി താൻ ബന്ധത്തിലാണെന്ന് ആരോപിച്ച് ഇത് സമ്മതിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും പരാതിയിലുണ്ട്. തൻ്റെ ഫോൺ ബലമായി തട്ടിപ്പറിച്ച ശേഷം ഇതിൻ്റെ ലോക്ക് തുറന്ന് തൻ്റെ സ്വകാര്യ സംഭാഷണങ്ങൾ മുഴുവൻ പരിശോധിച്ചെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. പ്രതിയുടെ മുറിയിൽ വച്ച് മർദിച്ചെന്നും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ബിഎൻഎസ്, ഐ.ടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം അട്ടാപ്പൂർ പോലീസ് ഉദയ് കൃഷ്‌ണ റെഡ്ഡിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് കുറ്റാരോപിതനെ സുഹൃത്തിൻ്റെ വീട്ടിൽ ബോധരഹിതനായി കണ്ടെത്തിയത്. വിഷം കഴിച്ചെന്നാണ് സംശയം.
എന്നാൽ സംഭവത്തിന് പിന്നാലെ പുറത്തുവന്ന രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഉദയ് കൃഷ്ണ റെഡ്ഡി ആരോപണങ്ങളെല്ലാം നിഷേധിച്ചു. താനും പരാതിക്കാരിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നും കുറിപ്പിൽ അവകാശപ്പെടുന്നു. 2025 ജൂൺ മുതൽ ഞങ്ങൾ പ്രണയത്തിലായിരുന്നു. അവളുടെ വിവാഹശേഷവും ബന്ധം തുടർന്നു. അവർ എന്റെ മുറിയിൽ കയറി കയ്യാങ്കളിക്ക് ശ്രമിച്ചു. ഈ ദൃശ്യങ്ങളാണ് താൻ പകർത്തിയത്. പ്രതിരോധിക്കാനാണ് താൻ ശ്രമിച്ചതെന്നും കുറിപ്പിൽ പറയുന്നു. ഇക്കഴിഞ്ഞ ജൂലൈ ഒൻപതിന് അതിയായ ലൈംഗിക ആസക്തിയെന്ന് പറഞ്ഞ് മുറിയിൽ അതിക്രമിച്ചുകയറിയ പരാതിക്കാരി തൻ്റെ അനുവാദമില്ലാതെ തന്നെ ചുംബിച്ചുവെന്നും ഇത് താൻ വീഡിയോ പകർത്തി അവരുടെ ഭർത്താവിന് അയച്ചെന്നും ആത്മഹത്യാക്കുറിപ്പിൽ ഇയാൾ വെളിപ്പെടുത്തി. മുറിയിലേക്ക് വരരുതെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും വന്നതിനാലാണ് ഇതെന്നും ഉദയ് കൃഷ്ണ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.


