ഒരു മാസം നീണ്ടു നില്‍ക്കുന്ന റമദാന്റെ ഏറ്റവും പ്രധാനപ്പെ ദിനങ്ങളാണ് അവസാനത്തെ പത്ത് ദിവസങ്ങള്‍. നരകമോചനത്തിന്റെ നാളുകളായി അറിയപ്പെടുന്ന ഈ ദിവസങ്ങളിലാണ് ലൈലത്തുല്‍ ഖദ്ര് എന്ന പുണ്യരാവ് പ്രതീക്ഷിക്കപ്പെടുന്നതും പള്ളിയില്‍ ഖിയാമുല്ലൈല്‍ എന്ന പ്രത്യേക നിസ്‌കാരം നിര്‍വഹിക്കുന്നതും. ഈ ദിവസങ്ങളില്‍ ഉംറ നിര്‍വഹിക്കാനും പ്രാര്‍ത്ഥന നിര്‍വഹിക്കാനും ഭജനമിരിക്കാനുമായി ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നു. തിരക്കുകളില്‍ നിന്നെല്ലാം മാറി ഈ ദിവസങ്ങളില്‍ മക്കയിലെത്തി ആരാധനകളില്‍ മുഴുകുന്നവരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള സമുദായ നേതാക്കളും, വ്യവസായികളും, രാഷ്ട്രീയ നേതാക്കളും, കലാകാരന്മാരുമുണ്ട്.

കൂടുതലാളുകളും മക്കയില്‍ താമസിച്ചു എല്ലാ ദിവസവും രാത്രി പുലരുവോളം ഹറം പള്ളിയില്‍ ആരാധനാ കര്‍മങ്ങളില്‍ മുഴുകുന്നു. ഇരുപത്തിയേഴാം രാവിലെ കര്‍മങ്ങള്‍, ഖുറാന്‍ പാരായണം പൂര്‍ത്തിയാക്കി നടത്തുന്ന ഖതമുല്‍ ഖുറാന്‍ പ്രാര്‍ത്ഥന തുടങ്ങിയവയില്‍ പങ്കെടുത്തു പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞതിനു ശേഷമേ ഇവരില്‍ പലരും മക്കയില്‍ നിന്നും മടങ്ങുകയുള്ളൂ. സൗദി രാജാവ്, രാജ കുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, വിവിധ രാജ്യങ്ങളുടെ ഭരണാധികാരികള്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങി ഈ ദിവസങ്ങളുടെ പുണ്യം നുകരാന്‍ മക്കയിലെത്തുന്നവരുടെ പട്ടിക എണ്ണിയാലോടുങ്ങാത്തതാണ്.