കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് വാദം തുടരും. കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ മല കയറാതിരിക്കാൻ പോരാട്ടം നടത്തണം എന്നായിരുന്നു ശ്രീധരൻ പിളളയുടെ പ്രസംഗം. പോരാട്ടം എന്നത് കൊണ്ട് പൂമാല കൊടുക്കണമെന്നോ ബിരിയാണി കൊടുക്കണമെന്നോ എന്നോ അല്ല ഉദ്ദേശിച്ചത് എന്നും ഡിജിപി കോടതിയെ അറിയിച്ചിരുന്നു.

അതേസമയം തന്‍റെ പ്രസംഗം പൂർണമായും കേൾക്കാതെയാണ് പോലീസ് കേസ് എടുത്തതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാദം. ശബരിമലയില്‍ പാസ് ഏര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജിയും പാസ് ഓണ്‍ലൈനിലാക്കണമെന്ന ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനക്ക് എത്തുന്നുണ്ട്.