ഗര്‍ഭിണികള്‍ ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിക്കുന്നത്. പക്ഷേ മുന്ന് ലിറ്റര്‍ പോയിട്ട് മുന്ന് ഗ്ലാസ് വെള്ളം പോലും ഇവിടെ കുടിക്കാന്‍ കിട്ടാതായിത്തുടങ്ങി. ശിശുമരണങ്ങളും പോഷകാഹാരക്കുറവും വലയ്ക്കുന്ന അട്ടപ്പാടിയില്‍ കടുത്ത ദുരന്തമാകും ഈ വരള്‍ച്ചയുണ്ടാക്കുക. ഗര്‍ഭസ്ഥ ശിശിവിന്റെ ഭാരത്തേയും ഗര്‍ഭാലസ്ഥ പൂര്‍ണ്ണമാക്കുന്നതിന് തടസ്സമാകാനും ഇത് കാരണമാകുമെന്ന് അട്ടപ്പാടി ആരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അഭിപ്രായപ്പെടുന്നു. അട്ടപ്പാടിയിലെ ഇപ്പോഴത്തെ കാഴ്ചകള്‍ ദുരിതമയമാണ്. ഈ കാലത്ത് നിറഞ്ഞൊഴുകേണ്ട ഭവാനിയിലും ശിരുവാണിയിലുമൊക്കെ പലയിടത്തും ഒഴുക്കു നിലച്ചു. മരുഭൂമിക്ക് സമാനമാണ് ദൃശ്യങ്ങള്‍. പുല്‍നാമ്പുകള്‍ മാത്രമല്ല, വലിയ മരങ്ങളും, വന്‍ കാടുകളുമൊക്കെ കരിഞ്ഞുണങ്ങി. കടുത്ത വേനലിന് ഇനിയും മാസങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് അട്ടപ്പാടി വലിയ വരള്‍ച്ച ഇപ്പോള്‍ത്തന്നെ നേരിടുന്നത്. മരുഭൂമിയില്‍ പോലും വളരുന്ന കള്ളിമുള്‍ച്ചെടികളാണിത്. ജലസംഭരണ ശേഷിയുള്ളവ. ഒരു തുള്ളി വെള്ളം പോലും കിട്ടാതായതോടെ കള്ളിച്ചെടികള്‍ വരെ ഉണങ്ങിത്തുടങ്ങി. ഈ അടയാളങ്ങളെ ഗൗരവമായി കാണാതിരിക്കരുത്.